യു.എസ് കോൺഗ്രസ് സെനറ്റ് പാനലിന് മുന്പാകെ മാർക്ക് സുക്കർബർഗ് മാപ്പ് പറഞ്ഞു
വാഷിംഗ്ടൺ : ഡേറ്റ ചോർച്ച വിവാദത്തിൽ അമേരിക്കൻ കോൺഗ്രസ് സെനറ്റ് പാനലിന് മുന്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ തങ്ങൾക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് കുറ്റസമ്മതം നടത്തി.
“ഞാനാണു ഫേസ്ബുക്ക് തുടങ്ങിയത്. എന്റെ ചുമതലയിലാണ് അതു പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ദോഷകരമായും ഫേസ്ബുക്കിനെ ഉപയോഗിക്കാനാകും എന്നതു ഗൗരവമായി എടുത്തില്ല. വ്യാജവാർത്തകൾ, തിരഞ്ഞെടുപ്പുകളിൽ വിദേശശക്തികളുടെ ഇടപെടലുകൾ, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകൾ എന്നിവ തടയുന്നതിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ഇപ്പോൾ മനസ്സിലായി” സുക്കർബർഗ് ഏഴ് പേജുള്ള സാക്ഷ്യപത്രത്തിൽ വിശദീകരിച്ചു.
ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി. ഇതിനായി അടിസ്ഥാനപരമായ മാറ്റങ്ങൾക്കു കന്പനി തയാറെടുക്കുകയാണ്. 2015ൽ തന്നെ കേംബ്രിജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. എന്നാൽ ആവർത്തിക്കില്ലെന്ന് അവർ പറഞ്ഞതു മുഖവിലയ്ക്കെടുത്തതാണു തന്റെ തെറ്റെന്നും അദ്ദേഹം പറഞ്ഞു. ഇതേകാര്യത്തിൽ വിശദീകരണം നൽകാൻ ജനപ്രതിനിധി സഭയുടെ ഊർജ, വാണിജ്യ സമിതിക്ക് മുന്പാകെ ഇന്ന് വീണ്ടും സുക്കർബർഗ് ഹാജരാകും. സെനറ്റിന് നൽകിയ മാപ്പപേക്ഷയാണ് ഇവിടെയും നൽകുക.
സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് ഗ്രൂപ്പും അതിന്‍റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ച് കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽനിന്നു കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉൾപ്പെടെ ഈ വിവരങ്ങൾ ഉപയോഗിച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലാകുന്നത്. ഇതിനു പുറമേ അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ റഷ്യ ഫേസ്ബുക്കിലൂടെ നടത്തിയ ഇടപെടൽ തടയാഞ്ഞതും സ്വകാര്യത, വിവരസുരക്ഷ സംബന്ധിച്ച കന്പനിയുടെ നിയമങ്ങളും വിമർശനത്തിനിടയാക്കിയിരുന്നു.

