യുഎസ് ഉൽപ്പാദനം വർദ്ധിപ്പിച്ചു : ക്രൂഡ് ഓയിൽ വില താഴേയ്ക്ക്

വാഷിംഗ്ടൺ : ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 11 ശതമാനം ഇടിഞ്ഞു. യു.എസ് ഷെയ്ൽ ഗ്യാസ് കന്പനികൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതാണ് ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായത്. കൂടാതെ, ഡോളറിന്റെ മൂല്യം വർദ്ധിക്കുന്നതും ഒരു കാരണമാണ്. ഇന്നലെ ബാരലിന് 62.44 ഡോളറിലാണ് വ്യാപാരം നടന്നത്. പ്രതിദിനം 1.025 കോടി ബാരലായി യു.എസ് എണ്ണ ഉൽപ്പാദനം ഉയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആറ് മാസമായി എണ്ണ വില തുടർച്ചയായി വർദ്ധിക്കുകയായിരന്നു. ജനുവരി അവസാനം ബാരലിന് 71 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ, അതിന് ശേഷം, ഇതുവരെ വില ഒന്പത് ഡോളർ ഇടിഞ്ഞു. 2016ന്റെ ആരംഭത്തിൽ 30 ഡോളറിലേയ്ക്ക് താഴ്ന്ന ശേഷം ആദ്യമായാണ് ഇത്ര വലിയ ഇടിവ് ഉണ്ടാകുന്നത്.
യു.എസ് അടുത്ത വർഷത്തോടെ ഉൽപ്പാദിപ്പക്കുമെന്ന് ഉദ്ദേശിച്ച 1.1 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ വർഷം തന്നെ ഉൽപ്പാദിപ്പിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. അതേസമയം, യു.എസ് കന്പനികൾ എണ്ണ ഉൽപ്പാദനം ഇനിയും വർദ്ധിപ്പിച്ചാൽ ഒപെക് രാജ്യങ്ങൾക്ക് ഉൽപ്പാദന നിയന്ത്രണത്തിലൂടെ ലക്ഷ്യമിട്ട നേട്ടം കൈവരിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
യു.എസിൽ എണ്ണ റിഗ്ഗുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ 2027നുള്ളിൽ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 100 ദശലക്ഷം ബാരൽ വിൽക്കാൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. സർക്കാരിന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാണിത്. ഈ പദ്ധതി നടപ്പായാൽ എണ്ണവില ഇനിയും ഇടിയും. എന്നാൽ ഈവിലയിടിവ് ഉടനടി ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കില്ല.