ഭൂമിക്ക് ഭീഷണിയായി സൗരക്കൊടുങ്കാറ്റ്

ലണ്ടന്‍: സൗരക്കൊടുങ്കാറ്റ് ഭൂമിയെ തൊട്ടതായി രാജ്യാന്തര സൗരയൂഥ കാലാവസ്‌ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഭൂമിയിലെ നൂതന സാങ്കേതിക സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇത്. രണ്ടു ദിവസം മുന്‍പാണ് ഭൌമ മണ്ഡലത്തെ സൗരക്കൊടുങ്കാറ്റ് സ്പര്‍ശിച്ചത്. തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ധ്രുവദീപ്തികള്‍ പ്രത്യക്ഷപ്പെട്ടതായി വിദഗ്ധര്‍ അറിയിച്ചു.
സൂര്യനിലെ പ്രോട്ടോണ്‍ പ്രവാഹത്തില്‍ നിന്നാണ് സൗരകൊടുങ്കാറ്റ് രൂപപ്പെടുന്നത്. സാധാരണയായി ഭൂമിക്കു ചുറ്റുമുള്ള കാന്തിക മണ്ഡലങ്ങളുടെ സാന്നിധ്യം ഇവയെ ഭൗമമണ്ഡലത്തിലേക്ക് കടത്തിവിടാറില്ല. എന്നാല്‍ ചില കണങ്ങള്‍ ഈ പ്രതിരോധ സംവിധാനത്തെയും മറികടന്ന് മുന്നേറും.
സൗരക്കൊടുങ്കാറ്റ് ഭൗമമണ്ഡലത്തില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ സമീപത്തെത്തുമ്പോഴാണ് ധ്രുവദീപ്‌തി ഉണ്ടാകുന്നത്. വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്) എന്നിവയുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ കൊടുങ്കാറ്റ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ശക്തിയേറിയ സൗരകൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നത്.
കൂടുതല്‍ ശക്തിയേറിയ സൗരക്കൊടുങ്കാറ്റ് വ്യാഴാഴ്ച ഉണ്ടായേക്കുമെന്നും ശാസ്‌ത്രജ്‌ഞര്‍ പറയുന്നു.