അമേരിക്ക സമൃദ്ധമായാൽ ലോകത്തെല്ലായിടത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ട്രംപ്
ദാവോസ് : അമേരിക്ക സമൃദ്ധമായാൽ ലോകത്തെല്ലായിടത്തും അനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. രാജ്യത്തെ വീണ്ടും പ്രഥമ സ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാവോസിൽ ലോക സാന്പത്തിക ഫോറത്തിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഇപ്പോൾ വ്യവസായങ്ങൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും വീണ്ടും മത്സരക്ഷമത കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിക്ഷേപങ്ങൾ നടത്താൻ ഇതിലും നല്ല സമയം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ കുടിയേറ്റ സംവിധാനങ്ങൾ കഴിഞ്ഞ കുറേക്കാലമായി നിശ്ചലാവസ്ഥയിലായിരുന്നെന്നും തന്റെ സർക്കാർ ഇത് നേരെയാക്കാൻ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നിലവിലെ ഫാമിലി ചെയിൻ കുടിയേറ്റ സംവിധാനത്തിൽ മാറ്റം വരുത്തുമെന്നും പുതിയ ആളുകളെ സ്വീകരിക്കുന്നത് അമേരിക്കൻ സന്പദ് വ്യവസ്ഥയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്ന് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ സാന്പത്തികമായി പിന്തുണയ്ക്കുന്നതോടൊപ്പം രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക ആദ്യമെന്നത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. വ്യവസായത്തിനായി രാജ്യത്തെ തുറന്നിട്ടിരിക്കുകയാണ്. തന്‍റെ ഒരു വർഷത്തെ ഭരണത്തിൽ കോർപ്പറേഷൻ നികുതി കുറയ്ക്കാനും തൊഴിലില്ലായ്മയുടെ നിരക്ക് കുറയ്ക്കാനും സാധിച്ചതായും ട്രംപ് അവകാശപ്പെട്ടു.

