അമേരിക്ക ആറ് പാക് തീവ്രവാദികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി
വാഷിംഗ്ടൺ : അമേരിക്ക പാകിസ്ഥാന് വർഷങ്ങളായി നൽകി വന്ന സഹായം നിറുത്തിയതിന് പിന്നാലെ ആറ് തീവ്രവാദികളെ കൂടി ഭീകരപട്ടികയിൽ ഉൾപ്പെടുത്തി. നാല് താലിബാൻ തീവ്രവാദികളെയും ഹഖാനി നെറ്റ്്വർക്കുകളിൽ പെട്ട രണ്ട് പേരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നതിൽ നിന്നും പാകിസ്ഥാൻ വിട്ടുനിൽക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
താലിബാൻ നേതാക്കളായ അബുൽ സമദ് സാനി, അബ്ദുൽ ഖാദർ ബാസിർ, അബ്ദുൽ ബസീർ, ഹാഫിസ് മൊഹമ്മദ്, മൗലവി ഇനായത്തുള്ള എന്നിവരെയും ഹഖാനി നെറ്റ്്വർക്കിൽ പെട്ട ഫക്കീർ മുഹമ്മദ്, ഗുലാ ഖാൻ ഹമീദി എന്നിവരെയുമാണ് ഭീകരപട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഈ ആറ് പേരെയും അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ പേരിൽ അമേരിക്കയുടെ അധികാര പരിധിയിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടും. മാത്രവുമല്ല അമേരിക്കൻ പൗരന്മാർക്ക് ഇവരുമായി ഇടപഴകുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിലെ സഖ്യസേനയ്ക്ക് നേരെ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഈ ആറ് പേരാണെന്നും അമേരിക്കൻ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇന്റലിജൻസ് അണ്ടർ സെക്രട്ടറി സിഗാൽ മണ്ടലേക്കർ വിശദീകരിച്ചു.
അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ പോരാട്ടം നടത്തുന്പോൾ തങ്ങളുടെ മണ്ണിൽ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുള്ള ധനസഹായം നിർത്തലാക്കിയിരുന്നു. കഴിഞ്ഞ 15 വർഷമായി പാകിസ്ഥാന് അമേരിക്ക നൽകിയത് 33 ബില്യൻ ഡോളറിന്റെ സഹായമാണ്. എന്നാൽ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവർ തിരിച്ചു തന്നില്ലെന്നായിരുന്നു അമേരിക്കയുടെ വാദം. ഇതിന് പിന്നാലെയാണ് ആറ് തീവ്രവാദികളെ കൂടി അന്താരാഷ്ട്ര ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

