കാനഡയിലെ ദന്പതിമാരുടെ മരണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന് സൂചന
ജറുസലേം : ഒരു മാസം മുന്പ് കാനഡയിലെ ടൊറന്റോയിലെ ആഡംബര ഭവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോടീശ്വരരായ ദന്പതിമാരുടെ മരണത്തിന് പിന്നിൽ ഒന്നിലധികം പേര് ഉള്ളതായി സൂചന. ഹണി−ബാരിഷെർമാൻ ദന്പതിമാരെയാണ് ഡിസംബർ 15ന് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയതെങ്കിലും കഴുത്ത് ഞെരിച്ച് ആരെങ്കിലും കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പക്ഷെ, ഇവരുടെ വീടിനുള്ളിലേക്ക് ആരെങ്കിലും കയറിയതായോ പുറത്തു പോയതായോ ഇതുവരെ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ദന്പതിമാരുടെ മരണവാർത്ത കേട്ട് അയൽവാസികൾ വരെ ഞെട്ടിയിരിക്കുകയാണ്. ഫാർമസി മേഖലയിൽ നിന്ന് വലിയ സന്പത്ത് സ്വരൂപിച്ച ദന്പതിമാർ അതിൽ നല്ലൊരു ഭാഗം സാന്ത്വന പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിരുന്നു.
പോലീസ് അന്വേഷണത്തിന് പുറമെ സ്വകാര്യ അന്വേഷണ ഏജൻസിയും ഇവരുടെ മരണത്തെപ്പറ്റിയുള്ള കേസ് അന്വേഷിക്കുന്നുണ്ട്. ഡിസംബർ 13നാണ് ഇവർ മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹണി ഷെർമാന്റെ ചുണ്ടിലും മറ്റും കണ്ടെത്തിയ മുറിവുകൾ ഒരു മൽപ്പിടുത്തം നടന്നതിന്റെ സൂചന നൽകുന്നതായി പോലീസ് പറഞ്ഞു.

