സിംബാബ്‌വെ വൈസ് പ്രസിഡണ്ടിനെ മുഗാബെ പുറത്താക്കി

ഹരാരെ : സിംബാബ്‌വെ വൈസ് പ്രസിഡണ്ട് എമേഴ്‌സൻ മൻഗാഗ്വയെ പ്രസിഡണ്ട് റോബർട് മുഗാബെ പുറത്താക്കി. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മൻഗാഗ്വയെ മുഗാബെ പുറത്താക്കിയത്.
വാർത്താവിനിമയ മന്ത്രി സിമോൻ ഖയ മോയോ ആണ് ഇക്കാര്യം അറിയിച്ചത്. മൻഗാഗ്വ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുന്നതായി മുഗാബെ ആരോപണം ഉന്നയിച്ചിരുന്നു.
‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മൻഗാഗ്വയും മുഗാബെയുടെ ഭാര്യ ഗ്രെയ്‌സും തമ്മിൽ ഉടലെടുത്ത അഭിപ്രായ തർക്കത്തിനൊടുവിലാണ് സിംബാബ്‌വെയിൽ നാടകീയമായ സംഭവങ്ങൾ നടന്നത്. ഗ്രെയ്‌സിനെ സർക്കാർ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരെ മൻഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്‌സ് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മൻഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രെയ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ വർദ്ധിച്ചു.ഡിസംബറിൽ നടക്കുന്ന പ്രത്യേക പാർട്ടി കോൺഗ്രസിൽ ഗ്രെയ്സിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.