കാശ്മീർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് ചൈന

ബെയ്ജിംഗ് : പാകിസ്ഥാൻ്റെ നീക്കത്തിന് തിരിച്ചടിയായി കാശ്മീർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കി. കാശ്മീർ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ്. അതിൽ തങ്ങൾ ഇടപെടില്ല. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി പരിഹരിക്കേണ്ടതാണിത്. തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. കാശ്മീർ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്ഥാനും തന്നെ പരിഹരിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും സാധിക്കുമെന്നാണ് ചൈന കരുതുന്നതെന്നും കാങ് കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ആവശ്യപ്പെടുകയാണെങ്കിൽ കാശ്മീരിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദോക്‌ലാം സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ചൈനയുമായി തർക്കം നിലനിൽക്കുന്ന ദോക് ലായിൽ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തിൽ കാശ്മീർ പ്രശ്‌നത്തിൽ ചൈനയ്ക്കും ഇടപെടാമെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.