ആറ് മുസ്ലീം രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു

വാഷിംഗ്ടൺ : ആറ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കാതിരിക്കാൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ നിരോധനങ്ങൾ ഇന്ന് അവസാനിക്കുന്നു. ഇറാൻ, സുഡാൻ, സിറിയ, ലിബിയ, സോമാലിയ, യെമൻ എന്നീ രാജ്യങ്ങൾക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നത്. പട്ടികയിൽ ആദ്യം ഇറാഖും ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
വിലക്ക് അവസനിക്കുന്നതോടെ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തെ അമേരിക്കൻ എംബസ്സിയിൽ നിന്ന് വീസ ലഭ്യമാകും. ഇതോടെ പഠനത്തിനായോ, ജോലിക്കായോ അമേരിക്കയിൽ ഇവർക്ക് സഞ്ചരിക്കാൻ സാധിക്കും. മുസ്ലീം രാജ്യങ്ങളിൽനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് ജനുവരിയിലാണ് ട്രംപ് ആദ്യം പുറപ്പെടുവിച്ചത്. കോടതികളിൽനിന്നുണ്ടായ തിരിച്ചടികളെത്തുടർന്ന് മാർച്ചിൽ പുതുക്കി ഇറക്കിയ ഉത്തരവാണ് പ്രാബല്യത്തിലുള്ളത്. 90 ദിവസത്തെ വിലയിരുത്തൽ കാലാവധികൂടി ഉൾപ്പെട്ട നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്. ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് വിലക്കെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും ദേശീയ സുരക്ഷയല്ല ഇതിന് പിന്നിലെന്നും ട്രംപിന്‍റെ രാഷ്ട്രീയമാണ് വിലക്കിന് കാരണമെന്നും ആരോപണമുയർന്നിരുന്നു. വിലക്കിനോടുള്ള പ്രതികരണമായി നിരവധി ജഡ്ജിമാർ ട്രംപിനെതിരെ രംഗത്തെത്തുകയും രാജ്യത്ത് വലിയ പ്രതിക്ഷേധങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു.
അതേ സമയം വിലക്ക് കാലാവധി അവസാനിക്കുന്പോൾ പകരമായി, കൂടുതൽ കർശന വ്യവസ്ഥകളുള്ള പുതിയ നിരോധനം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും. പ്രവേശനത്തിന് സന്പൂർണ നിരോധനം മുതൽ വീസ നിയന്ത്രണം വരെയാണു പ്രതീക്ഷിക്കപ്പെടുന്നത്. തീവ്രവാദ വിവരങ്ങൾ അമേരിക്കയുമായി പങ്കുവെയ്ക്കാത്ത രാജ്യങ്ങളും വിശ്വാസയോഗ്യമായ പാസ്പോർട്ടുകൾ നൽകാത്ത രാജ്യങ്ങളും പുതിയ നിയന്ത്രണത്തിൽ ഉൾപ്പെട്ടേക്കും. ഇത്തരം പതിനേഴു രാജ്യങ്ങളുടെ പട്ടിക യു.എസിലെ ആഭ്യന്തര സുരക്ഷാ വകുപ്പ് ട്രംപിന് സമർപ്പിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.