അമേരിക്കൻ പോർ വിമാനങ്ങൾ ഉത്തര കൊറിയൻ തീരത്ത്

വാഷിംഗ്ടൺ : ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഭീഷണികൾക്ക് കനത്ത തിരിച്ചടി നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഉത്തര കൊറിയയുടെ കിഴക്കൻ മേഖലയുടെ മുകളിലൂടെ അമേരിക്ക ബോംബർ വിമാനങ്ങൾ പറത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക് പോരിനിടെയാണ് അമേരിക്കയുടെ നീക്കമുണ്ടായിരിക്കുന്നത്.
ഉത്തര കൊറിയയെും ദക്ഷിണ കൊറിയയെയും വേർതിരിക്കുന്ന സമുദ്രഭാഗത്താണ് കഴിഞ്ഞ ദിവസം അമേരിക്കൻ വ്യോമസേനയുടെ ബോംബർ വിമാനമുൾപ്പെടെയുള്ളവ പറന്നത്. ബി വൺ ബി ലാൻസർ ബോംബർ വിമാനവും ഇതിന് അകന്പടിയായി എഫ്−15 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു. ഏത് വെല്ലുവിളിയെ നേരിടാനും അമേരിക്ക തയ്യാറാണെന്നതിന്‍റെ തെളിവാണ് ഇതെന്നായിരുന്നു പെന്‍റഗൺ വക്താവ് ഡാന വൈറ്റിന്‍റെ പ്രതികരണം. പ്രസിഡണ്ടിനെതിരായി നിരന്തരം വാക്പോർ നടത്തുന്നത് കൊണ്ടാണ് ഇത്തരം നടപടിയെന്നും അവർ പറഞ്ഞു. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ഭൂകന്പം ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ തുടർന്നാണെന്ന വാദവും ഉയരുന്നുണ്ട്. ഉത്തര കൊറിയയുടെ ആണവപരീക്ഷണ സ്ഥലത്ത് നിന്ന് 20 കിലോമീറ്ററോളം മാറിയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഉത്തര കൊറിയയിലുണ്ടായ ഭൂചലനം ആണവപരീക്ഷണം മൂലമുണ്ടായതാണെന്ന് ഉത്തര കൊറിയയുടെ സുഹൃത്ത് രാഷ്ടമായ ചൈന പോലും സംശയം പ്രകടിപ്പിച്ചിരുന്നു.