യാത്രാവിമാനം തകർക്കാൻ പദ്ധതിയിട്ട തീവ്രവാദി
മെൽബൺ : ബോംബ് സ്‌ഫോടനം നടത്തി യാത്രാവിമാനം തകർക്കാൻ പദ്ധതിയിട്ട നാല് തീവ്രവാദികളെ സിഡ്നിയിൽ നടത്തിയ റെയ്ഡിൽ പിടികൂടിയതായി ഓസ്ട്രേലിയൻ പോലീസ് അറിയിച്ചു. പ്രധാനമന്ത്രി മാൽക്കം ടേൺബുളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൻ ഗൂഢാലോചനയാണു തകർത്തതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം സിഡ്നിയിൽ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് നാല് പേർ അറസ്റ്റിലായത്. ഒരു വീട്ടിൽനിന്ന് നാടൻ ബോംബ് നിർമിക്കാൻ ആവശ്യമായ സാമഗ്രികൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സ്‌ഫോടനം നടത്തി വിമാനം തകർക്കാനാണ് അറസ്റ്റിലായവർ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.
അതേസമയം എവിടെ, ഏതു സമയത്ത് ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്നു വിശദീകരിച്ചില്ല. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ പരിശോധനകൾ നീണ്ടതോടെ പലയിടത്തും വിമാനങ്ങൾ വൈകിയാണു പുറപ്പെട്ടത്.
കർശന സുരക്ഷയാണു സ്വീകരിച്ചിരിക്കുന്നതെന്നും യാത്രികർക്ക് പേടിക്കാതെ വിമാന യാത്ര ചെയ്യാമെന്നും പ്രധാനമന്ത്രി ടേൺബുൾ വ്യക്തമാക്കി. സുരക്ഷാ പരിശോധനയ്ക്കായി കൂടുതൽ സമയം എടുക്കുന്നതിനോട് യാത്രികർ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് നേരത്തെ തന്നെ പോലീസിനു സൂചന ലഭിച്ചിരുന്നു.

