വെനസ്വേലയിൽ പ്രതിഷേധം രൂക്ഷം ; പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
കാരക്കാസ് : ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിനിടെ വെനസ്വേലയിൽ പോലീസും പ്രതിഷേധക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ യുവനേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കൻ കാരക്കാസിലാണ് സംഘർഷമുണ്ടായത്. പോളിംഗ് ബൂത്തിൽ നടന്ന വെടിവയ്പിൽ ഒരു സെക്യൂരിറ്റി ഓഫീസർ കൊല്ലപ്പെട്ടു. നേരത്തെ ഒരു സ്ഥാനാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഏഴ് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇന്നലെ വെനസ്വേലക്കാർ വോട്ടു ചെയ്തു. പ്രസിഡണ്ട് നിക്കോളാസ് മദുറോ രാവിലെ ആറിനു തന്നെ വോട്ടു രേഖപ്പെടുത്തി. പ്രതിപക്ഷം വോട്ടിംഗ് ബഹിഷ്കരിച്ചിരിക്കുകയാണ്. 545 സീറ്റിലേക്ക് 6100 പേരാണു മത്സരിക്കുന്നത്. ഭൂരിഭാഗവും ഭരണം നടത്തുന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ സഖ്യകക്ഷികളിൽ പെട്ടവരാണ്. വോട്ടിംഗിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരുടെ മേൽ വൻസമ്മർദ്ദമുണ്ട്.
പുതിയ അസംബ്ലിക്കു വിപുലമായ അധികാരങ്ങളുണ്ടാവും. പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള കോൺഗ്രസ് പിരിച്ചുവിട്ട് ഭരണത്തിൽ പിടിമുറുക്കുകയാണു മദുറോയുടെ ലക്ഷ്യം. ഇതിനു യോജിച്ച വിധത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തും.
മദുറോയ്ക്ക് എതിരെ നാലുമാസമായി വെനസ്വേലയിൽ നടന്നുവരുന്ന പ്രക്ഷോഭത്തിൽ ഇതിനകം 120 പേർക്കു ജീവഹാനി സംഭവിക്കുകയും രണ്ടായിരം പേർക്കു പരിക്കേൽക്കുകയും ചെയ്തു.

