വിദ്യാഭ്യാസ രംഗത്തെ അഴിമതി ഏറ്റവും വലിയ വെല്ലുവിളി : ജി സുധാകരൻ
മങ്കൊന്പ് : വിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കുകയെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കണ്ണാടി എസ്കെ ഫൌണ്ടേഷന്‍ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാശ്രയരംഗത്തെ അഴിമതി അവസാനിപ്പിക്കാൻ ഫീസുകൾ ഏകീകരിക്കുകയാണ് വേണ്ടത്. അതിനായി കോടതികൾക്ക് വലിയ പങ്ക് വഹിക്കാനുമുണ്ട്. സ്വാശ്രയരംഗത്ത് അമിതമായി ഫീസ് വാങ്ങുന്നത് സമൂഹത്തോട് അവർ ചെയ്യുന്ന ഏറ്റവും വലിയ പാപമാണെന്നും മന്ത്രി പറഞ്ഞു. എസ്.കെ ഫൌണ്ടേഷൻ ചെയർമാൻ ശശി കലാധരൻ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ഭദ്രദീപം പ്രകാശനം നടത്തി.
എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം കെ.കെ പത്മനാഭപിള്ള സ്കോളർഷിപ്പ് വിതരണം നടത്തി. കല്ലേലി രാഘവന്‍പിള്ള, കെ പി മാത്യു എന്നിവരെ ആദരിച്ചു. പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കൊനാട്ടിനെ അനുമോദിച്ചു.
എസ്കെ ഫൌണ്ടേഷൻ ട്രസ്റ്റിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയലെ മെഡിസിന്‍ പ്രൊഫസറുമായ ഉണ്ണികൃഷ്ണൻ കർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. പി എസ് ദേവരാജ് സ്വാഗതവും രാധാകൃഷ്ണൻ മങ്ങാട് നന്ദിയും പറഞ്ഞു.

