നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകും
ഇസ്‍ലാമാബാദ് : നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകും. സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. നവാസ് ഷരീഫിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ പാർലമെന്റ് അംഗമല്ലാത്തതിനാൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഷഹബാസിന് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
സൈന്യത്തിന്റെ ഇടപെടൽ ഉണ്ടാകുന്നതിനുമുന്പ് രാജ്യത്തു ജനാധിപത്യ സംവിധാനം നിലനിർത്താനായിരുന്നു കോടതിവിധി വന്നയുടൻ ഉന്നതതലയോഗം ചേർന്നത്. ഷരീഫിനെതിരെ കോടതിവിധിയുണ്ടായാൽ സൈന്യം ഭരണം പിടിച്ചേക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായ ഖ്വാജ അസീസിന്റെ പേരും സ്ഥാനത്തേക്ക് ഉയർന്നിരുന്നുവെങ്കിലും ഇളയ സഹോദരനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ഷരീഫിന്റെ തീരുമാനം.
ഷരീഫും കുടുംബവും അനധികൃതസ്വത്തു സമ്പാദിച്ചെന്ന റിപ്പോര്‍ട്ടു ശരിവച്ചാണു പ്രധാനമന്ത്രി പദത്തിൽനിന്നും അദ്ദേഹത്തെ സുപ്രീം കോടതി അയോഗ്യനാക്കിയത്. ഷരീഫിന്റെ മകള്‍ മറിയം, മകന്‍ ഹുസൈന്‍ എന്നിവരും കേസിൽ പ്രതികളാണ്.

