മിഷേൽ ഒബാമക്ക് നേരെ വംശീയ അധിക്ഷേപം
ചാൾസ്റ്റൺ : അമേരിക്കയിലെ പ്രഥമ വനിത മിഷേൽ ഒബാമക്ക് നേരെ വംശീയ അധിക്ഷേപം. വെർജീനിയ ഡവലപ്മെന്‍റ് ഗ്രൂപ് ഡയറക്ടർ പമേല ടെയ് ലറും, ക്ളേ കൗണ്ടി മേയർ ബെവർലി വേലിങുമാണ് മിഷേൽ ഒബാമക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
പമേല ടെയ് ലർ ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി- എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.
ഇതിനെ അനുകൂലിച്ച് ബെവർലി വേലിങ് മറ്റൊരു കുറിപ്പിട്ടതോടെ വിവാദം ആളിക്കത്തി. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കിൽ നിന്ന് ഇവരുടെ അക്കൗണ്ടുകൾ തന്നെ അപ്രത്യക്ഷമായി. രണ്ടുപേരെയും ഇപ്പോൾ ഫോണിൽ പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ പരാമർശത്തിൽ ഇരുവരും മാപ്പ് പറഞ്ഞിട്ടുണ്ട്.

