ധനികര്‍ കൂടുതല്‍ ധനികരാകുന്നുവെന്ന് ഓക്‌സ്ഫാം

ദാവോസ്: ലോകത്തെ ധനികര്‍ കൂടുതല്‍ ധനികരാകുന്നുവെന്ന് ഓക്‌സ്ഫാം. സമ്പന്നരായ 62 പേരുടെ കയ്യിലുള്ള സമ്പാദ്യം ജനസംഖ്യയിലെ 50 ശതമാനം വരുന്ന ദരിദ്രരുടെ ആകെ സമ്പാദ്യത്തിന് തുല്യമാണെന്ന് റിപ്പോര്‍ട്ട്. ദാരിദ്ര്യ വിരുദ്ധ സംഘടനയായ ഓക്‌സ്ഫാം ആണ് ധനികരുടെ വളര്‍ച്ചയെ കുറിച്ചുള്ള ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
അഞ്ച് വര്‍ഷം മുന്‍പ് ഓക്‌സ്ഫാം കണക്ക് പരിശോധിച്ചപ്പോള്‍ 388 ധനികരുടെ സമ്പാദ്യമാണ് ആകെയുള്ള ദരിദ്രരുടെ സമ്പാദ്യത്തിന് തുല്യമായിട്ടുള്ളത്. ലോക സമ്പത്തിന്റെ പകുതിയോളം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ധനികരുടെ കയ്യിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ ബാധിച്ചത് വനിതകളെ ആണെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും വനിതകളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആണ് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇത്തരത്തില്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക അന്തരം വര്‍ദ്ധിച്ചു വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓക്‌സ്ഫാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാനിമ പറഞ്ഞു
ദാവോസില്‍ വേള്‍ഡ് ഇകണോമിക് ഫോറം ആരംഭിക്കാന്‍ ഒരു ദിവസം മാത്രമാണുള്ളത്. ലോക രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ പ്രമുഖര്‍ വേള്‍ഡ് ഇകണോമിക് ഫോറത്തില്‍ പങ്കെടുക്കും. ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ ചാരിറ്റിയും ഇകണോമിക് ഫോറത്തില്‍ പങ്കെടുക്കും.