നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് കേന്ദ്രം

ഷീബ വിജയൻ
കോഴിക്കോട് I യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നടപടി നീട്ടിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തിവന്നിരുന്ന ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോമും കേന്ദ്രസർക്കാരും ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. എന്നാൽ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകിയിരുന്നു. കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ചർച്ചകൾക്ക് പ്രതിസന്ധിയായത്. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണമെന്നാണ് തിങ്കളാഴ്ച നടന്ന ചർച്ചയിൽ തലാലിന്‍റെ സഹോദരൻ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുടുംബം പ്രതികരിച്ചിരുന്നില്ല. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ ഇടപെടലിലാണ് യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചത്. കാന്തപുരത്തിന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്‍റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
WEDEWQEW