ഇസ്രായേൽ ലെബനൻ വിടുന്നതുവരെ പിന്നോട്ടില്ല, ആയുധം താഴെ വെക്കില്ല : ഹിസ്ബുല്ല തലവൻ

ഷീബ വിജയൻ
ബൈറൂത്ത്: ഇസ്രായേൽ വ്യോമാക്രമണം അവസാനിപ്പിച്ച് തെക്കൻ ലെബനനിൽനിന്ന് പിൻവാങ്ങുന്നതുവരെ ആയുധം താഴെവെക്കില്ലെന്ന് ഹിസ്ബുല്ല മേധാവി. സമാധാനത്തിന് തയാറാണ്, പക്ഷേ തെക്കൻ ലെബനനിലെ വ്യോമാക്രമണം ഇസ്രായേൽ അവസാനിപ്പിക്കുന്നതുവരെ പിന്നോട്ടുപോകില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ഇസ്രായേൽ ആക്രമണം തുടരുമ്പോൾ നമ്മുടെ നിലപാട് മയപ്പെടുത്താനോ ആയുധം താഴെ വയ്ക്കാനോ ആവശ്യപ്പെടാൻ കഴിയില്ലെന്നും മുഹർറത്തിലെ ആശുറാ ദിനത്തിൽ തെക്കൻ ബൈറൂത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് അനുയായികളോട് നഈം ഖാസിം പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇസ്രായേൽ കൊലപ്പെടുത്തിയ മുൻ തലവൻ ഹസ്സൻ നസ്റുല്ലയുടെ ചിത്രങ്ങളും മഞ്ഞ ബാനറുകളുമായാണ് അനുയായികളെത്തിയത്. ശത്രു ഇസ്രായേൽ ആക്രമണം തുടരുകയും അഞ്ച് പോയിന്റുകൾ കൈവശപ്പെടുത്തുകയും നമ്മുടെ പ്രദേശങ്ങളിൽ അതിക്രമിച്ച് കയറി കൊല്ലുകയും ചെയ്യുമ്പോൾ നമ്മൾ പ്രതിരോധിക്കില്ലെന്ന് എങ്ങിനെയാണ് നിങ്ങൾ കരുതുക? ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽനിന്ന് പിന്മാറുകയും ആക്രമണം അവസാനിപ്പിക്കുകയും തടവുകാരെ മോചിപ്പിക്കുകയും പുനർനിർമ്മാണം ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഹിസ്ബുല്ലയുടെ ആയുധങ്ങൾ ചർച്ചാ മേശയിലുണ്ടാകില്ലെന്നും നഈം ഖാസിം വ്യക്തമാക്കി.
sdaasadsads