"നിങ്ങള്‍ ഈ കത്ത് വായിക്കുമ്ബോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. ദേഷ്യപ്പെടരുത്.": രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണ്ണരൂപം


ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. രോഹിത് അടക്കമുള്ള അഞ്ച് ദളിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനെതിരെ 15 ദിവസം നീണ്ട രാപ്പകല്‍ സമരത്തിനൊടുവിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രോഹിത് അടക്കം അഞ്ച് ദലിത് വിദ്യാര്‍ഥികളെയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്താക്കിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന നകുല്‍ സിന്‍ഹയുടെ 'മുസഫര്‍നഗര്‍ ബാക്കി ഹേ' എന്ന ഡോക്കുമെന്ററി ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ(എഎസ്‌ഐ) നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

" സുപ്രഭാതം നിങ്ങള്‍ ഈ കത്ത് വായിക്കുമ്ബോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. ദേഷ്യപ്പെടരുത്. നിങ്ങളില്‍ പലരും സ്നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എനിക്ക് ആരോടും പരാതിയില്ല. പ്രശ്നം എന്റേതുമാത്രമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അകലം കൂടി വരികയാണെന്ന് തോന്നുന്നു. കാള്‍ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച്‌ എഴുതാനായിരുന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ഈ കത്ത് മാത്രമാണ് എനിക്ക് എഴുതാനായത്. ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുന്നു. അതിനൊപ്പം പ്രകൃതിയില്‍ നിന്നും വളരെ മുമ്ബ് അകന്നുപോയ മനുഷ്യരേയും എനിക്കിഷ്ടമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പഴകിയിരിക്കുന്നു. നമുക്കിടയിലെ സ്നേഹത്തില്‍ കൃത്രിമം കലരുന്നു. വിശ്വാസങ്ങള്‍ പൊലിപ്പിച്ചുകാണിക്കപ്പെടുകയാണ്. നോവില്ലാത്ത സ്നേഹം അപൂര്‍വ്വമായി മാറിയിരിക്കുന്നു. ഓരോ മനുഷ്യരുടേയും വില അവനെക്കൊണ്ട് എന്ത് ഉപയോഗമുണ്ട് എന്നതില്‍ മാത്രമായി ചുരുങ്ങുന്നു. ഉള്ളിലെ മഹത്വം കൊണ്ട് ആരെയും വിലയിരുത്തുന്നില്ല. പഠനത്തിലും തെരുവിലും രാഷ്ട്രീയത്തിലും മരണത്തിലും ജീവിതത്തിലുമെല്ലാം ഈയൊരു രീതി പരന്നുകിടക്കുകയാണ്. ഞാന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കത്തെഴുതുന്നത്. ആദ്യത്തെ ഈ കത്ത് തന്നെ അവസാനത്തേതും. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാനാകുന്നില്ലെങ്കില്‍ ക്ഷമിക്കുക. ലോകത്തെ മനസിലാക്കുന്നതില്‍ ഞാനൊരു തികഞ്ഞ പരാജയമായിരുന്നിരിക്കാം. സ്നേഹം, വേദന, ജീവിതം, മരണം. എല്ലാം തെറ്റായി മനസിലാക്കിയതാകാം. ഒരാവശ്യവുമില്ലാത്ത തിടുക്കം ജീവിതത്തില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതം ആരംഭിക്കാനുള്ളതായിരുന്നു ആ തിടുക്കം. മനുഷ്യരില്‍ ചിലര്‍ക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ കൊടും തെറ്റായിരുന്നു. ബാല്യത്തില്‍ അനുഭവിച്ച ഏകാന്തതയില്‍ നിന്നും ഒരിക്കലും എനിക്ക് മോചനം ലഭിച്ചില്ല. പ്രോത്സാഹനം കിട്ടാക്കനിയായിരുന്ന ഒരു ബാല്യം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ വേദനിക്കുന്നില്ല, വിഷമമില്ല. എങ്കിലും ഒരു ശൂന്യത എന്നെ മൂടുന്നു. എന്നെക്കുറിച്ച്‌ യാതൊരു ആകുലതകളുമില്ല. സ്വയംബോധ്യമില്ലാത്തത് പരിതാപകരമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ തീരുമാനമെടുത്തതും. മറ്റുള്ളവര്‍ എന്നെ വിഡ്ഢിയെന്ന് വിളിക്കുമായിരിക്കും. മരണശേഷം സ്വാര്‍ഥനെന്നും മണ്ടനെന്നുമുള്ള വിളികള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ അതിനെക്കുറിച്ച്‌ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നുപോലുമില്ല. മരണാനന്തരജീവിതത്തില്‍ എനിക്ക് വിശ്വാസമില്ല. പ്രേതങ്ങളും ആത്മാക്കളും കെട്ടുകഥയാണെന്ന് കരുതുന്നു. ഇനി അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ മരണാനന്തരം നക്ഷത്രങ്ങളിലേക്കും മറ്റു ലോകങ്ങളിലേക്കും ഞാന്‍ സഞ്ചരിക്കും. ഈ കത്ത് വായിക്കുന്നവര്‍ സാധിക്കുമെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യണം. സര്‍വ്വകലാശാലയില്‍ നിന്നും ഏഴ് മാസത്തെ ഗവേഷണ ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയോളം വരുമിത്. എന്റെ കുടുംബത്തിന് ഈ തുക നല്‍കണം. പിന്നെ രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും ആ പണം തിരികെ ചോദിച്ചിട്ടില്ല. പക്ഷെ എനിക്കുവേണ്ടി നിങ്ങള്‍ ആ കടം വീട്ടണം. വളരെ ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ ശവസംസ്കാരം നടത്തേണ്ടത്. ഞാന്‍ ഇവിടെ വന്ന് പോയതുപോലെ മാത്രമേ നിങ്ങള്‍ പെരുമാറാവൂ. എനിക്കുവേണ്ടി ആരും കണ്ണീരൊഴുക്കരുത്. ജീവിക്കുന്നതിനേക്കാള്‍ സന്തോഷമാണ് എനിക്ക് മരിക്കാനെന്ന് നിങ്ങള്‍ മനസിലാക്കുക. നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്. ഉമ അണ്ണാ, ഇങ്ങനെയൊരു കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷമിക്കുക. നിരാശപ്പെടുത്തിയതിന് എഎസ്‌എയിലെ സുഹൃത്തുക്കള്‍ ക്ഷമിക്കുമല്ലോ. നിങ്ങള്‍ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. നിങ്ങളോരോരുത്തര്‍ക്കും നല്ലതുമാത്രം ആശംസിക്കുന്നു. അവസാനമായി ഒരിക്കല്‍കൂടി ജയ് ഭീം അതിനിടെ ആത്മഹത്യാകുറിപ്പിലെ പതിവുകളെല്ലാം ഞാന്‍ മറന്നുപോയി, എന്റെ ആത്മഹത്യയില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. ആരും വാക്കുകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ എന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ മാത്രം തീരുമാനമാണ്. എനിക്ക് മാത്രമാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വം. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഇതിന്റെപേരില്‍ കഷ്ടപ്പെടുത്തരുത്."...

You might also like

  • Lulu Exchange
  • Straight Forward

Most Viewed