അബൂദബിയിലെ സർവിസ് അവസാനിപ്പിച്ച് വിസ് എയർ

ഷീബ വിജയൻ
അബൂദബി I യു.എ.ഇയിൽനിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ വിസ് എയർ അബൂദബി സർവിസ് താൽക്കാലികമായി അവസാനിപ്പിക്കുന്നു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇത്. ഹംഗേറിയൻ ആസ്ഥാനമായുള്ള അൾട്രാ ലോ കോസ്റ്റ് എയർലൈനായ വിസ് എയറാണ് ഈ വർഷം സെപ്റ്റംബർ മുതൽ അബൂദബിയിൽനിന്നുള്ള എല്ലാ സർവിസുകളും താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യൻ വിപണിയിലെ മാറ്റങ്ങൾ, ചൂടേറിയ കാലാവസ്ഥയിൽ എൻജിൻ തകരാറുകൾ, ആഗോള സാഹചര്യം, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, കടുത്ത മത്സരം എന്നിവ വിലയിരുത്തിയാണ് തീരുമാനമെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു. ഈ വർഷം ആഗസ്റ്റ് 31ന് ശേഷം യാത്ര ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കുന്നതിനോ മറ്റു യാത്രാ ക്രമീകരണങ്ങൾക്കോ ഇ-മെയിൽ വഴി നേരിട്ട് ബന്ധപ്പെടാമെന്ന് എയർലൈൻ അറിയിച്ചു.
അബൂദബിയിൽനിന്ന് വിവിധ രാജ്യങ്ങളിലെ 29 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിസ് എയർ സർവിസ് നടത്തിയിരുന്നത്. 20 രാജ്യങ്ങളിലായിരുന്നു അവരുടെ പ്രധാന സർവിസുകൾ. അൽബേനിയ, അർമീനിയ, അസർബൈജാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, സൈപ്രസ്, ഈജിപ്ത്, ജോർജിയ, ഇസ്രായേൽ, ജോർഡൻ, കസാഖ്സ്താൻ, കിർഗിസ്താൻ, ലബനാൻ, മൾഡോവ, ഒമാൻ, റുമേനിയ, സൗദി അറേബ്യ, സെർബിയ, ഉസ്ബെകിസ്താൻ എന്നിവിടങ്ങളിലേക്ക് കൂടാതെ ഗ്രീസ്, ഇറ്റലി, കുവൈത്ത്, മാൽഡീവ്സ് എന്നിവിടങ്ങളിലെ ചില റൂട്ടുകളിലും സർവിസ് ഉണ്ടായിരുന്നു. ഇവയിൽ ചിലത് നേരത്തെ നിർത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിമാന സർവിസ് കമ്പനിയായിരുന്നു വിസ് എയർ. കുറഞ്ഞ ചെലവിൽ വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ കൂടുതൽ ആശ്രയിച്ചിരുന്നത് വിസ് എയറിനെ ആയിരുന്നു.
SDSDSD