ഒബാമയുടെ വളർത്തു നായയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാൾ പിടിയിൽ

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വളർത്തു നായയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാൾ പിടിയിൽ. അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 49 വയസുള്ള സ്കോട്ട് ഡി. സ്റ്റോക്കെർട്ട് എന്നയാളാണ് പിടിയിലായിരുക്കുന്നത്. വടക്കൻ ഡക്കോട്ടയിലെ ഡിക്കിൻസൺ സ്വദേശിയാണ് ഇയാൾ. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക ശേഖരവും കണ്ടെത്തി.
വിചിത്രമായ പല വാദങ്ങളും ഇയാൾ ഉന്നയിച്ചതായാണ് വിവരം. താൻ ജീസസ് ക്രൈസ്റ്റ് ആണെന്നും മർലിൻ മൺറോയുടെയും ജോൺ .എഫ് കെന്നഡിയുടെയും മകനാണെന്നും ഇയാൾ പറഞ്ഞതായാണ് വിവരം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ഒബാമയുടെ വളർത്തു നായ്ക്കളായ ബോയെയും സണ്ണിയെയും തട്ടിക്കൊണ്ട് പോകാനാണ് താൻ എത്തിയതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
റൈഫിളും തോക്കും കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വീടിനു പുറത്തേക്കോ ജോലിസ്ഥലത്തേക്കോ തോക്ക് കൊണ്ടു പോകുന്നത് ഇവിടെ നിയമവിരുദ്ധമാണ്.