നീണ്ട യാത്രകള്‍ക്കു തയാറെടുത്ത് മെട്രൊ റെയ്ല്‍ കോച്ചുകള്‍ കൊച്ചിയിലേക്ക്

കൊച്ചി: നീണ്ട യാത്രയ്ക്കൊടുവില്‍, ഇതിലും നീണ്ട യാത്രകള്‍ക്കു തയാറെടുത്ത് മെട്രൊ റെയ്ല്‍ കോച്ചുകള്‍ കൊച്ചിയിലേക്ക്. നിര്‍മാണ കേന്ദ്രമായ ആന്ധ്രയിലെ ശ്രീസിറ്റിയില്‍നിന്ന് കൊച്ചിയെ ലക്ഷ്യമാക്കി രണ്ടിന് പുറപ്പെട്ട കോച്ചുകള്‍ കയറ്റിയ കൂറ്റന്‍ ട്രെയ്ലറുകള്‍ ശനിയാഴ്ച ട്രെയ്ലറുകള്‍ ആലുവ മുട്ടം യാര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷ. പാലക്കാട്- വടക്കഞ്ചേരി റൂട്ടില്‍ ശരാശരി 25-30 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയ്‌ലറുകള്‍ നീങ്ങിയത്.
ട്രയല്‍ റണ്ണിനുള്ള ആദ്യ കോച്ചുകള്‍ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ സുപ്രധാന കടമ്പയാണ് പിന്നിടുന്നത്. 23ന് മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ ഡിപ്പോ ടെസ്റ്റും നടക്കും. കോച്ചുകള്‍ എത്തുന്നതിനു മുന്നോടിയായി മുട്ടം യാര്‍ഡില്‍ വന്‍ ഒരുക്കങ്ങളാണ് നടന്നത്. കോച്ചുകള്‍ ട്രെയ്ലറില്‍നിന്ന് ഇറക്കുന്നതിനും ട്രാക്കുകളിലേക്കു മാറ്റുന്നതിനും പരീക്ഷണ ഓട്ടം നടത്തുന്നതിനുമുള്ള നടപടികളെല്ലാം ഡിഎംആര്‍സി പൂര്‍ത്തിയാക്കി.
തകരാര്‍ സംഭവിക്കാതെ ട്രെയ്ലറില്‍നിന്ന് കോച്ചുകള്‍ ഇറക്കുന്നത് നിര്‍മാണ കമ്പനിയായ അല്‍സ്റ്റോം തന്നെയാണ്. പ്രത്യേക പ്ലാറ്റ്ഫോമിലേക്കാണ് കോച്ചുകള്‍ ഇറക്കിവയ്ക്കുക. പ്ലാറ്റ്ഫോമില്‍നിന്ന് പ്രത്യേക വാഹനത്തിലാണ് കോച്ചുകള്‍ ട്രാക്കിലേക്കു മാറ്റുക. ഇതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് കം റെയ്ല്‍ വാഹനം മുട്ടത്ത് എത്തിച്ചിട്ടുണ്ട്.യാര്‍ഡില്‍തന്നെ തയാറാക്കിയ ഒരു കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലാണ് 23ന് ട്രയല്‍ റണ്‍. ഇതിനുള്ള ട്രാക്കുകളിലെ വൈദ്യുതീകരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.