പങ്കാളികളെ കണ്ടെത്താൻ സൗജന്യ ഡേറ്റിങ് ആപ്പുമായി ജപ്പാൻ

പങ്കാളികളെ കണ്ടെത്താൻ സൗജന്യ ഡേറ്റിങ് ആപ്പുമായി ജപ്പാൻ. തലസ്ഥാനമായ ടോക്യേവിലെ മെട്രോപൊളിറ്റൻ ഭരണകൂടമാണു ആപ്പ് അവതരിപ്പിക്കുന്നത്. ‘ടോക്യോ ഫുറ്റാരി സ്റ്റോറി’ എന്നാണ് ആപ്പിനു പേരുനൽകിയിരിക്കുന്നത്. ‘ടോക്യോ പങ്കാളി കഥ’ എന്നും വേണമെങ്കിൽ പറയാം. ഈ മാസം തന്നെ ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആളുകൾ പങ്കാളികളെ കണ്ടെത്തിയാൽ സർക്കാരിന് എന്തു കാര്യം എന്നാകും. വിവാഹം കഴിക്കാനും കുട്ടികളെ ഉണ്ടാക്കാനുമെല്ലാം ആളുകൾക്കതൊരു പ്രേരണയാകുമെന്നാണു ഭരണകൂടം കണക്കുകൂട്ടുന്നത്. അങ്ങനെ ഇടിഞ്ഞിടുകൊണ്ടിരിക്കുന്ന രാജ്യത്തെ ജനനനിരക്ക് ഒരു വിധമെങ്കിലും പിടിച്ചുനിർത്താമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആപ്പിൽ അക്കൗണ്ട് തുറക്കാൻ കൃത്യമായ രജിസ്‌ട്രേഷൻ നടപടിക്രമങ്ങളുണ്ടാകും. നിയമപരമായി പങ്കാളികളില്ലെന്നും ഒറ്റയ്ക്കാണു ജീവിക്കുന്നതെന്നും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടുനൽകുകയും വേണം. ഇതോടൊപ്പം വാർഷിക വരുമാനം തെളിയിക്കാനായി നികുതി സർട്ടിഫിക്കറ്റും അപ്ലോഡ്് ചെയ്യണം. ഉയരം, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെയുള്ള വ്യക്തിവിവരങ്ങൾ ചേർക്കണം. ഇതിനുശേഷം ഒരു ഇന്റർവ്യൂ ഘട്ടവും കടന്നാകും സൗജന്യ രജിസ്‌ട്രേഷൻ ലഭിക്കുക.
ഡേറ്റിങ് ആപ്പ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വിവാഹം പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രം 200 മില്യൻ യെൻ(ഏകദേശം 10.68 കോടി രൂപ) പുതിയ സാമ്പത്തിക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് ടോക്യോ മെട്രോപൊളിറ്റൻ ഭരണകൂടം. വിവാഹം ആഗ്രഹിച്ചിട്ടും പങ്കാളികളെ കണ്ടെത്താനാകാതെ വിഷമിക്കുന്നവർക്ക് ഒരു സഹായമാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു സർക്കാർ വൃത്തം പ്രതികരിച്ചു. സാധാരണ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കാൻ മടിക്കുന്നവർക്ക് സർക്കാർ പങ്കാളിത്തത്തിലുള്ള പുതിയ സംരംഭം പേടിയില്ലാതെ ഉപയോഗിക്കാനാകും.
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും അതിനു മുതിരാത്ത 70 ശതമാനത്തോളം പേർക്ക് ആപ്പ് അനുഗ്രഹമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വൃത്തം അഭിപ്രായപ്പെട്ടു.
തുടർച്ചയായി എട്ടാം വർഷവും രാജ്യത്തെ ജനനനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്നതിടെയാണ് ദേശീയ ഭരണകൂടത്തിനു പുറമെ വിവിധ പ്രാദേശിക സമിതികളും പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നത്. 7,58,631 ആണു കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം. 5.1 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ വർഷത്തെ പ്രസവത്തിന്റെ ഇരട്ടിയിലേറെ ജപ്പാനിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണു വിവരം. ജനനനിരക്കിലെ ഇടിവ് പരിഹരിക്കാനായി ജപ്പാൻ സർക്കാർ പലവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ടെന്ന് ഒരു സർക്കാർ വൃത്തം ചൂണ്ടിക്കാട്ടി. ചൈൽഡ് കെയർ പദ്ധതികൾ മുതൽ യുവാക്കളുടെ ശമ്പള വർധന വരെ ഇതിൽ ഉൾപ്പെടും. ജനനനിരക്ക് കൂട്ടാനായില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കായിരിക്കും ജപ്പാൻ പതിക്കുകയെന്നാണ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് അടുത്തിടെ വെളിപ്പെടുത്തിയത്. ജനനനിരക്കിലെ ഇടിവ് അപകടകരമായ സ്ഥിതിയിലാണുള്ളത്. അടുത്തൊരു ആറു വർഷത്തിനിടയിൽ ഈ ട്രെൻഡ് തടയാനായില്ലെങ്കിൽ വലിയ ദുരന്തമാകും. 2030നുള്ളിൽ യുവാക്കളുടെ എണ്ണത്തിൽ ഇടിവുണ്ടായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ രാജ്യത്ത് അവിവാഹിതരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ടോക്യോ ആണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ജപ്പാനിൽ 50 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ അവിവാഹിതരുള്ളത് ടോക്യോയിലാണ്. പുരുഷന്മാരിൽ 32 ശതമാനവും സ്ത്രീകളിൽ 24 ശതമാനവും വരുമിത്. 90,000 കുഞ്ഞുങ്ങളാണ് 2022ൽ ടോക്യോയിൽ പിറന്നുവീണത്. ഒരു പതിറ്റാണ്ടിനിടെ നഗരത്തിലെ ജനനനിരക്കിലുണ്ടായത് 15.2 ശതമാനത്തിന്റെ ഇടിവ്. ഇതിനിടെയാണ് അടിയന്തര ഇടപെടലുമായി ടോക്യോ ഭരണകൂടം തന്നെ മുന്നിട്ടിറിങ്ങിയിരിക്കുന്നത്. രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി ജനനനിരക്കിലെ ഇടിവാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതു തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം. ഇപ്പോൾ നടപടിയുണ്ടായില്ലെങ്കിൽ ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം രാജ്യത്തെ നാശത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്നും കിഷിദ സൂചിപ്പിച്ചു. ജനനനിരക്കിലെ ഇടിവ് തടയാൻ നേരത്തെ ജപ്പാൻ അമ്മമാരുടെ പ്രസവ ഗ്രാന്റ് കൂട്ടിയിരുന്നു. ഗ്രാന്റ് തുക 80,000 യെൻ കൂടി കൂട്ടാനാണ് ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി തീരുമാനിച്ചത്. ഒരു കുട്ടി ജനിച്ചാൽ നേരത്തെ അമ്മയ്ക്ക് 4,20,000 യെൻ(ഏകദേശം 2.52 ലക്ഷം രൂപ) ലഭിക്കുമായിരുന്നു. ചൈൽഡ് ബർത്ത് ആൻഡ് ചൈൽഡ് കെയർ ലംപ് സം ഗ്രാന്റ് എന്ന പേരിലുള്ള ഈ പദ്ധതി പിന്നീട് അഞ്ചുലക്ഷം യെന്നിലേക്ക് ഉയർത്തുകയായിരുന്നു മന്ത്രാലയം. ഏകദേശം മൂന്നു ലക്ഷം ഇന്ത്യൻ രൂപ വരുമിത്. അതേസമയം, എത്ര പ്രോത്സാഹന നടപടികളുണ്ടായാലും കുട്ടികളുണ്ടാക്കാനുള്ള ജപ്പാനുകാരുടെ മടിയിൽ വലിയ മാറ്റമുണ്ടാകില്ലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 7,73,000 യെൻ ആണ് ജപ്പാൻ ആശുപത്രികളിൽ ഒരു പ്രസവത്തിന് വരുന്ന ചെലവ്. ഗ്രാന്റ് കൂട്ടിയാലും പ്രസവം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കൈയിൽ ബാക്കിയാകുക 30,000 യെൻ മാത്രമായിരിക്കും. എന്നാൽ, പ്രസവാനന്തര ചെലവുകളും കുട്ടികളെ വളർത്താനുള്ള ചെലവുമെല്ലാം കൂടുമ്പോൾ താങ്ങാവുന്നതിനും അപ്പുറമാകുമെന്നാണ് ജപ്പാൻ കുടുംബങ്ങൾ കണക്കുകൂട്ടുന്നതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
dvd