കേന്ദ്രം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; കൊവിഡ് കണക്കുകൾ നൽകുന്നുണ്ടെന്ന് വീണാ ജോർജ്
കേരളം കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ദിവസവും നാഷണൽ സർവൈലൻസ് യൂണിറ്റിന് കൊവിഡ് കണക്കുകൾ നൽകുന്നുണ്ട്. എന്നിട്ടും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യ മന്ത്രി ചോദിച്ചു. കൊവിഡ് കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രം ആരോഗ്യ സെക്രട്ടറിക്കയച്ച കത്തിന് മറുപടിയായാണ് വീണാ ജോർജിന്റെ പ്രതികരണം.
ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾക്കായി കൊവിഡ് റിപ്പോർട്ട് പുറത്തുവിടാറുണ്ട്. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്താകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്. കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്ന് കത്തിൽ പറഞ്ഞിരുന്നു.
ഏപ്രിൽ 13 മുതൽ 17 വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ ദിവസങ്ങളിൽ 150 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന കണക്ക് ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു ആരോഗ്യമന്ത്രി അന്ന് നൽകിയ വിശദീകരണം.
