ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപ് ഒന്നാംപ്രതിയായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി നിർദേശിച്ചു. ജസ്റ്റീസ് സിയാദ് റഹ്മാന്‍റേതാണ് വിധി. ∀റദ്ദാക്കുന്നു∍ എന്ന ഒറ്റ വാക്കിലാണ് കോടതി വിധി പറഞ്ഞത്. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതും കോടതി അംഗീകരിച്ചില്ല.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടർന്നാണു ദിലീപിനും കൂട്ടർക്കുമെതിരെ കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു.
