കോവിഡ്: ഈ വർ‍ഷം മരണമടഞ്ഞവരിൽ‍ 92 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവർ‍


2022ൽ‍ റിപ്പോർ‍ട്ടിൽ‍ ചെയ്ത കോവിഡ് മരണങ്ങളിൽ‍ 92% പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരായിരുന്നുവെന്ന് ഇന്ത്യൻ കൗണ്‍സിൽ‍ ഓഫ് മെഡിക്കൽ‍ റിസേർ‍ച് (ഐസിഎംആർ‍) വ്യക്തമാക്കുന്നു. കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ കണക്കുകൾ‍ പരിശോധിച്ചാണ് ഡയറക്ടർ‍ ജനറൽ‍ ബൽ‍റാം ഭാർ‍ഗവ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർ‍ഷം റിപ്പോർ‍ട്ട് ചെയ്ത മരണങ്ങളിൽ‍ പൂർ‍ണ്ണമായും വാക്‌സിൻ സ്വീകരിച്ചവർ‍ 10.2% മാത്രമാണ്. ഇതിൽ‍ തന്നെ 91% പേരും മരിച്ചത് മറ്റ് അനുബന്ധ അസുഖങ്ങളെ തുടർ‍ന്നാണ്. മരിച്ചവരിൽ‍ 21.8% പേർ‍ ഭാഗികമായി മാത്രം വാക്‌സിൻ‍ സ്വീകരിച്ചവരാണ്. ഇവരിൽ‍ 83% പേർ‍ക്കും മറ്റ് അനുബന്ധ അസുഖങ്ങളുമുണ്ട്.

കോവിഡ് വാക്‌സിനേഷൻ‍ രാജ്യത്ത് രോഗവ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞുനിർ‍ത്തി. പല വിദേശരാജ്യങ്ങളിലും ഇപ്പോഴും ഉയർ‍ന്ന എണ്ണം കോവിഡ് രോഗികളുണ്ട്. ഒമിക്രോൺ വകഭേദം വന്ന മൂന്നാം തരംഗത്തിൽ‍ വലിയ പരിധി വരെ മരണം കുറയ്ക്കാൻ കഴിഞ്ഞുവെന്നും ഐസിഎംആർ‍ പറയുന്നു.

മൂന്നാം തരംഗത്തിൽ‍ ജനുവരി 4 മുതൽ‍ ഫെബ്രുവരി 14 വരെയുള്ള റിപ്പോർ‍ട്ട് പ്രകാരം മരണനിരക്ക് 0.35% ആയി കുറഞ്ഞു. കഴിഞ്ഞ വർ‍ഷം ഡെൽ‍റ്റ രണ്ടാം തരംഗം രൂക്ഷമായ മാർ‍ച്ച് 21 മുതലുള്ള ജൂലായ് 14 വരെയുള്ള കാലയളവിൽ‍ മരണനിരക്ക് 1.29% ആയിരുന്നു. ഈ സമയം വാക്‌സിനേഷൻ കവറേജ് വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നും ഐസിഎംആർ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed