സംഗീത സംവിധായകൻ ആർ. സോമശേഖരൻ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ആർ. സോമശേഖരൻ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. പുലർച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ഭക്തി ഗാനങ്ങൾക്കും സംഗീതമൊരുക്കിയ സോമശേഖരൻ, ആകാശവാണിയിൽ നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്
സോമശേഖരൻ സംഗീതം നൽകിയ ജാതകം എന്ന സിനിമയിലെ പുളിയിലക്കരയോലും പുടവ ചുറ്റി എന്ന ഗാനം ഏറെ പ്രശസ്തമാണ്. വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത ‘ഉർവശി’ എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണ് സംഗീത സംവിധായകനാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്. കോന്നിയൂർ ഭാസ് രചിച്ച് യേശുദാസ് പാടിയ ‘പ്രകൃതി പ്രഭാമയീ’ എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്.
രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണൻ എഴുതി, എസ് ജാനകിയും സോമശേഖരനും ചേർന്നു പാടി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനായിരുന്ന സോമശേഖരൻ, ഒമാനിൽ ജോലി കിട്ടിയപ്പോൾ അങ്ങോട്ടുപോയി. ഇവിടെ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ജാതകം, ആർദ്രം തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത്.
‘അയാൾ’, ഈ അഭയതീരം, വേനൽക്കാലം, മി. പവനായി 99.99, ബ്രഹ്മാസ്ത്രം തുടങ്ങിയ ചിത്രങ്ങൾക്കും സോമശേഖരൻ സംഗീതം നൽകി. അമ്പതോളം സീരിയലുകൾക്കും, ഭക്തി ഗാനങ്ങളുൾപ്പെടെ നാൽപതോളം ആൽബങ്ങൾക്കും സംഗീതം പകർന്നിട്ടുണ്ട്. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സഹോദരനാണ്.