ഇമ്രാൻ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനുണ്ടായേക്കും

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടർന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദിൽ ഇമ്രാൻ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികൾ ഉയർന്നത്. ജുഡീഷ്യറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഇമ്രാൻ വിമർശനം ഉന്നയിച്ചത്.
മജിസ്‌ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാൻ അനുകൂലകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും ജുഡീഷ്യറിക്കുമെതിരെ ഇമ്രാന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ മജിസ്‌ട്രേറ്റിനുമെതിരെ നിയമ നടപടിയെടുക്കുമെന്നായിരുന്നു വിവാദ പ്രസംഗത്തിലൂടെ ഇമ്രാൻ ഖാൻ പറഞ്ഞത്.
ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രക്ഷണം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇമ്രാൻ ഖാൻ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരമായി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പി.ഇ.എം.ആർ.എ)യാണ് ഉത്തരവിറക്കിയിരുന്നത്.