കാവേരിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ വെറുതേവിട്ടു

തിരുവല്ല: സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ സിനിമ നടി പ്രിയങ്കയെ കോടതി വെറുതേവിട്ടു. ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്‌മ ശശിധരന്റേതാണ് ഉത്തരവ്.
2004−ലാണു തിരുവല്ല പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതിക്കുവേണ്ടി അഡ്വ. അഭിലാഷ് ഗോപൻ ഹാജരായി.
ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പോലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു.
പണം വാങ്ങുന്നതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിൽ എത്തിയ പ്രിയങ്ക പണം വാങ്ങി. ഉടൻതന്നെ ഹോട്ടൽ പരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന്‍ കഴിയാത്തതുകൊണ്ട് പ്രിയങ്കയെ വെറുതെ വിട്ടത്.