നടൻ പ്രഭാസിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ?

തിരുവനന്തപുരം: നടൻ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിർമാതാക്കളായ വൈജയന്തി ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയിൽ ബോളിവുഡ് താരം ദീപിക പദുക്കോണാണ് നായികയായെത്തുന്നത്. ഒൻപതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും, 20നും 35നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. നൃത്തത്തിനൊപ്പം ആയോധനകലകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. താൽപര്യമുള്ളവരോട് ബന്ധപ്പെടാനാണ് അണിയറപ്രവർത്തകർ ആവശ്യപ്പെടുന്നത്.
മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ബിഗ ബഡ്ജറ്റ് ചിത്രം സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. 2023ഓടെയാണ് ചിത്രം റിലീസ് ചെയ്യുക. ഛായാഗ്രാഹകൻ: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ: മിക്കി ജെ മേയർ. ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.