സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാമെന്ന് സർക്കാർ; ഉടനില്ലെന്ന് തീയേറ്റർ ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ഉടൻ സിനിമ തീയറ്ററുകൾ തുറക്കില്ലെന്ന് തീയേറ്റർ ഉടമകൾ. നിർമ്മാതാക്കളും വിതരണക്കാരും തീയേറ്റർ ഉടമകളുമായി ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
നിലവിൽ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ നിർദേശം. ഇത് വലിയ സാന്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ. തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ജനുവരി അഞ്ചിന് തന്നെയാണ് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുക. തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ വിശദമായ ചർച്ച അന്നുണ്ടാകും. അതിനു ശേഷം നിർമ്മാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.
കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തീയേറ്ററിൽ എത്താൻ മടിക്കുന്നത് തിരിച്ചടിയാകും. സിനിമകളുടെ റിലീസിനെ കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ഫിക്‌സഡ് ചാർജിലെ ഇളവ്, വിനോദ നികുതി ഇളവ് എന്നിവയാണ് തീയേറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്. അതേസമയം മാളുകളിലെ മൾട്ടിപ്ലക്‌സ് തീയറ്ററുകൾ ഫിയോക് സംഘടനയിലെ അംഗമല്ല. ഇത്തരം തീയറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദർശനം തുടങ്ങാനും സാദ്ധ്യതയുണ്ട്.

