‘ഫ്രീഡം @ മിഡ്‌നൈറ്റി’ലൂടെ അനുപമ പരമേശ്വരന്‍ വീണ്ടും മലയാളത്തില്‍
കൊച്ചി: നടി അനുപമ പരമേശ്വരന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നു. ‘ഫ്രീഡം @ മിഡ്‌നൈറ്റ്’ എന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമിടം, c/o സൈറ ഭാനു എന്നീ പ്രൊജക്ടുകളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
ഹക്കീം ഷാജഹാന്‍ നായകനാകുന്ന ചിത്രം അഖില മിഥുന്‍ ആണ് നിര്‍മ്മിക്കുന്നത്. ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നും അനുപമ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. താരത്തിന് ആശംസകളുമായി നസ്രിയയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മണിയറയിലെ അശോകന്‍ ആണ് അനുപമയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
പ്രേമം സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തെലുങ്ക് സിനിമകളില്‍ സജീവമാവുകയായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം അനുപമ വീണ്ടും മലയാളത്തിലേക്ക് എത്തിയ ചിത്രമാണ് മണിയറയിലെ അശോകന്‍. ചിത്രത്തില്‍ സംവിധാനസഹായി ആയും താരം പ്രവര്‍ത്തിച്ചിരുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.
2015ല്‍ പ്രേമം സിനിമയില്‍ വേഷമിട്ടതിന് ശേഷം ഏറെ ട്രോളുകളും വിമര്‍ശനങ്ങളും താരത്തിനെതിരെ പ്രചരിച്ചിരുന്നു. അതിനാലാണ് മലയാളത്തില്‍ സജീവമാകാതെ തെലുങ്കിലേക്ക് പോയത് എന്ന് അനുപമ തുറന്നു പറഞ്ഞിരുന്നു.

