" എ രഞ്ജിത്ത് സിനിമ "

നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " എ രഞ്ജിത്ത് സിനിമ " വ്യത്യസ്തമായ ടൈറ്റിൽ കൊണ്ട് ആസിഫ് അലി ചിത്രത്തിൻ്റെ പോസ്റ്റർ ശ്രദ്ധേയമായി കഴിഞ്ഞു. മലയാള സിനിമയിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്. ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്.
രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒട്ടേറെ മുൻനിര യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന "എ രഞ്ജിത്ത് സിനിമ " സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു.