കൊവിഡ് കാലത്തെ മികച്ച സേവനം: മലയാളി നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്


റിയാദ്: കൊവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് സൗദി ആരോഗ്യ മന്ത്രാലയം മലയാളി ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബഹുമതി സമ്മാനിച്ചത്. നഴ്‌സിങ് വിഭാഗത്തിലാണ് മലയാളി വനിത ബഹുമതിക്ക് അർഹയായത്. 

ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കണ്ണൂർ സ്വദേശി ഷീബ എബ്രഹാമാണ് സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനാർഹമായ ഈ ബഹുമതി നേടിയത്. കൊവിഡ് സമയത്ത് സൗദിയിൽ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. 

കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുകയാണ്. സൗദിയിൽ കൊവിഡ് വ്യാപകമായ ഉടനെ ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡിൽ ആറുമാസമായി ജോലി ചെയ്തുവരവേയാണ് അപ്രതീക്ഷിതമായി ഈ അംഗീകാരം തേടിയെത്തിയത്. ഇതിനിടയിൽ ഷീബക്കും ഭർത്താവിനും കൊവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഷീബയുടെ ഭർത്താവ് ഷീൻസ് ലൂക്കോസ് അബു അരീഷിൽ ജോലി ചെയ്യുന്നു. മക്കളായ സിവർട്ട് ഷീൻസ്, സ്റ്റുവർട്ട് ഷീൻസ് എന്നിവർ ജിസാൻ അൽ മുസ്തക്ബൽ സ്‌കൂളിലെ വിദ്യാർഥികളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed