കെ.പി ബ്രഹ്മാനന്ദൻ ഓർമ്മയായിട്ട് ഇന്ന് പതിനാറ് വർഷം

അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദൻ വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാറ് വർഷം. കാൽ നൂറ്റാണ്ടോളം സംഗീതരംഗത്ത് സജീവമായിരുന്ന ബ്രഹ്മാനന്ദൻ, മലയാളികൾ ഇന്നും ഓർക്കുന്ന ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ് വിട പറഞ്ഞത്. കെ.പി ബ്രഹ്മാനന്ദന്റെ മായാത്ത ഓർമകളിലൂടെ ഒരിക്കൽ കൂടി..
1969ൽ ഈ പാട്ടുപാടിയാണ് കെ.പി ബ്രഹ്മാനന്തനെന്ന കടയ്ക്കാവൂർകാരൻ മലയാള സിനിമ ഗാനരംഗത്തേക്ക് കടന്നു വന്നത്. കള്ളിചെല്ലമ്മയിലെ ഈ പാട്ട് വൻ ഹിറ്റായതോടെ സംഗീതപ്രേമികൾ, യേശുദാസ്, ജയചന്ദ്രൻ എന്നീ പേരുകൾക്കൊപ്പം കെപി ബ്രഹ്മാനന്തനെന്ന പേരും ചേർത്ത്‌വച്ചു.
തുടർന്ന് വന്ന ‘തെക്കൻ കാറ്റ്’ എന്ന ചിത്രത്തിലെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി…’, ‘ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു’ എന്ന ചിത്രത്തിലെ ‘താരക രൂപിണീ…’ എന്നീ ഗാനങ്ങളും മലയാളികൾ ഇഷ്ടപ്പെടുന്ന എക്കാലത്തേയും മികച്ച ഹിറ്റുകളായി. മലയാളികൾ ഇന്നും മൂളാറുള്ള പാട്ടാണ്, 1971 ൽ പുറത്തിറങ്ങിയ സിഐഡി നസീർ എന്ന സിനിമയിലെ ‘നീല നിശീഥിനീ..’ എന്ന ഗാനം.
കാൽ നൂറ്റാണ്ടോളം മലയാള സിനിമാ ഗാന രംഗത്ത് സജീവമായിരുന്നുവെങ്കിലും നൂറ്റിഎഴുപതോളം ഗാനങ്ങൾ മാത്രമേ ബ്രഹ്മാനന്തന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയുള്ളൂ. കെ രാഘവൻ, വി ദക്ഷിണാമൂർത്തി, എം.കെ അർജുനൻ, എ.റ്റി ഉമ്മർ, ആർ.കെ ശേഖർ എന്നീ സംഗീതസംവിധായകർക്കു കീഴിലാണ് ബ്രഹ്മാനന്ദൻ മിക്ക ഗാനങ്ങളും ആലപിച്ചത്. മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്തൻ പാടിയിട്ടുണ്ട്. ”മലയത്തിപ്പെണ്ണ്”, ‘കന്നിനിലാവ്’ എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീതസംവിധാനവും നിർവഹിച്ചു.
മകൻ രാകേഷ് ബ്രഹ്മാനന്ദനും അച്ഛന്റെ വഴിയുടെ ഇപ്പോൾ സംഗീത രംഗത്തുണ്ട്. നിരവധി പുരസ്‌കാരങ്ങൾ നൽകി സംഗീത ലോകം അദ്ദേഹത്തെ ആദരിച്ചിരുന്നു.