മഞ്ജുവാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെ അറസ്റ്റുചെയ്‌തു


തൃശൂർ: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി.എ ശ്രീകുമാർ മേനോന്റെ അറസ്റ്റ്‌ രേഖപ്പെടുത്തി. ശ്രീകുമാര്‍ മേനോൻ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ്‌ പോലീസ്‌ നടപടി. പിന്നീട്‌ രണ്ടുപേരുടെ ആൾജാമ്യത്തിൽ വിട്ടയച്ചു.

തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വെച്ച്‌ ശ്രീകുമാർ മേനോനെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്‌. അന്വേഷണവുമായി സഹകരിക്കുമെന്ന്‌ ശ്രീകുമാർ മേനോൻ പറഞ്ഞു. നേരത്തെ വി എ ശ്രീകുമാറിന്റെ വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൊലീസ് സ്വീകരിച്ചിരുന്നു.

ശ്രീകുമാര്‍ മേനോൻ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെ കേസ്.

പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ആരോപണങ്ങള്‍ക്കെതിരേ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed