ഷെയിൻ നിഗം വിഷയം‍: വിശദീകരണവുമായി ജോബി ജോർ‍ജ്


കൊച്ചി: വെയിൽ‍ എന്ന ചിത്രത്തിലെ നായകനായ തനിക്കെതിരെ അതിന്റെ നിർ‍മ്മാതാവ് ജോബി ജോർ‍ജ് വധഭീഷണി മുഴക്കുന്നുവെന്ന  ഷെയ്ന്‍ നിഗമിന്റെ  ആരോപണത്തിന് വിശദീകരണവുമായി ജോബി ജോർജ്.  താൻ നിർ‍മ്മിക്കുന്ന ചിത്രത്തിൽ‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയിൻ നിഗവുമായി കരാറുണ്ടെന്ന് ജോബി ജോർ‍ജ് കൊച്ചിയിൽ‍ വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ജോബി ജോർ‍ജിന്റെ വാക്കുകൾ‍....

 

“ആദ്യ നിർ‍മ്മാതാവായ സന്ദീപിന് ഈ ചിത്രം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ഈ സിനിമ എന്നിലെത്തുന്നത്. ഷെയിനാണ് നായകൻ. അബിയുടെ മകനല്ലേ, എന്റെ സുഹൃത്തായിരുന്നു അവന്റെ അച്ഛൻ‍. പലപ്പോഴും എന്റെ വീട്ടിലും വന്നിട്ടുണ്ട്. ജൂലൈ ഏഴിന് ഷൂട്ട് തുടങ്ങി ഒക്ടോബർ‍ 9−ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

4 കോടി 82 ലക്ഷമാണ് പലിശയ്ക്ക് എടുത്തത്. ഒരു കോടിക്ക് മൂന്ന് ലക്ഷം രൂപയാണ് മാസം പലിശ. ഞാൻ പലിശ കൊടുക്കാതിരുന്നാൽ‍ എന്താകും അവസ്ഥ. പടം തീർ‍ക്കാതെ വന്നാൽ‍ അറിയാമല്ലോ, ഓടി രക്ഷപ്പെടേണ്ടി വരും. ഷൂട്ട് തുടങ്ങി, 30 ലക്ഷമാണ് ആദ്യം പ്രതിഫലമായി പറഞ്ഞത്. ഷൂട്ട് തുടങ്ങിയപ്പോൾ‍ 40 ലക്ഷമായി. മലയാളസിനിമയുടെ ചരിത്രത്തിൽ‍ ആദ്യമാകും പതിനാറ് ദിവസത്തിനുള്ളിൽ‍ പറഞ്ഞ പ്രതിഫലം അക്കൗണ്ടിൽ‍ ഇട്ടുകൊടുത്തത്. ഇതൊന്നും പ്രശ്‌നമല്ല.

ആരെയും മനഃപൂർ‍വം തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വിഷമം കൊണ്ടു പലതും പറഞ്ഞിട്ടുണ്ടാകാം. ഞാൻ സഹായിച്ചവരിൽ‍ പലരും എന്നെ വേദനിപ്പിച്ചിട്ടേ ഒള്ളൂ. ഈ സിനിമയുടെ ചിത്രീകരണം 25 ദിവസം പൂർ‍ത്തിയായി, മുന്നോട്ടു പോകുന്ന സമയം. അപ്പോഴാണ് എന്റെ സുഹൃത്തായ നിർ‍മ്മാതാവിന്റെ മെസേജ്. ഷെയിൻ നിഗത്തെവെച്ച് അദ്ദേഹം സിനിമ ചെയ്യുന്നു. എന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്പോൾ‍ എങ്ങനെയാണ് ഈ സിനിമ ചെയ്യുകയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അവൻ ഞങ്ങൾ‍ക്കാണ് ഡേറ്റ് നൽ‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങനെയാണ് ഈ വിഷയത്തിൽ‍ പ്രൊഡ്യൂസേർ‍സ് അസോസിയേഷനിൽ‍ ഞാൻ‍ പരാതി കൊടുക്കുന്നത്. രണ്ട് കൂട്ടരുടെയും ചിത്രത്തിൽ‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ അഭിനയിക്കണമെന്നായിരുന്നു തീരുമാനം. മുടിയും താടിയും എന്റെ സിനിമ പൂർ‍ത്തിയായതിനു ശേഷമേ വെട്ടാവൂ എന്നൊരു കരാറും ഒപ്പിട്ടിരുന്നു. അതിനു ശേഷം അദ്ദേഹം ഈ ചിത്രത്തിൽ‍ വന്ന് അഭിനയിച്ചു. വളരെ നല്ല രീതിയിൽ‍ സിനിമ വരുകയും ചെയ്തു. ഇതിനിടെ കരാർ‍ ഒപ്പിട്ട ചിത്രത്തിൽ‍ അഭിനയിക്കാൻ‍ അദ്ദേഹത്തെ വിട്ടുകൊടുത്തു.

എന്നാൽ‍ തിരിച്ച് ഈ ചിത്രത്തിൽ‍ ജോയിന്‍ ചെയ്യാൻ‍ പിന്നീട് ഷെയിൻ വന്നില്ല. 15−ാം തിയതി അടുത്ത ഷെഡ്യൂൾ‍ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ‍ 12−ാം തിയതി ഷെയിൻ മെസേജ് അയച്ചു. 25−ാം തിയതി ഷൂട്ട് തുടങ്ങാമെന്നായിരുന്നു ആ മെസേജ്. നിർ‍മ്മാതാക്കളുടെ വിഷമം ആരറിയാൻ‍. ഷൂട്ട് നീണ്ടു പോയാൽ‍ ആ നഷ്ടം സഹിക്കേണ്ടത് ഞാൻ മാത്രമാണ്.

ഷെയിനോട് എനിക്ക് ഒരുവിധ വൈരാഗ്യവുമില്ല. അവനെ നിയന്ത്രിക്കുന്ന സാധനം കൂടി പോയതു കൊണ്ടാകും ഈ പ്രശ്‌നമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിലേയ്ക്ക് കൂടുതൽ‍ കടക്കുന്നില്ല. അവൻ ഉറങ്ങിപ്പോയതു കൊണ്ടാണ് മുടി വെട്ടിപ്പോയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മുടി വെട്ടുന്നതു പോലും അറിയാതിരിക്കാൻ‍ മാത്രം എന്താണ് അവനെ സ്വാധീനിക്കുന്നത്. അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല. കാരണം, എനിക്കും മക്കളുണ്ട്. അവർ‍ ഭാവിയിൽ‍ ഇങ്ങനെ ആയിപ്പോയാൽ‍ ഞാൻ എന്ത് ചെയ്യും.

ഇവൻ‍ മുടി വെട്ടിയ ഫോട്ടോ ഈ ചിത്രത്തിന്റെ മുൻ ‍നിർ‍മ്മാതാവ് എനിക്ക് അയച്ചു തന്നു. അത് കണ്ടപ്പോൾ‍ ഇക്കാര്യം അവന്റെ വീട്ടിൽ‍ പോയി സംസാരിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. ഇതിന്റെ സംവിധായകനെ വേദനിപ്പിക്കാൻ‍ എനിക്ക് വയ്യ. ആ നിർമ്‍മാതാവിന് ഇവൻ മുടിവെട്ടിയ ഫോട്ടോ അയച്ചു കൊടുത്തു. നിങ്ങൾ‍ ഇത് എന്നോട് ചെയ്യരുതായിരുന്നു എന്ന് മെസേജ് അയച്ചു. അതിനു ശേഷം അത് ഞാൻ ഡിലീറ്റ് ചെയ്തു. പിന്നീട് ഷെയിനെ വിളിച്ചു. ‘ജോബി ചേട്ടാ എനിക്ക് ഭയങ്കരമായ അസുഖമാണ്. ഞാനൊരു സ്‌പെഷൽ‍ ഡോക്ടറെ കാണാൻ പോകുവാണ്. അതുകഴിഞ്ഞ് നമുക്ക് കാണാം.’− ഇങ്ങനെയാണ് പറഞ്ഞത്. അവൻ എന്നോട് പറഞ്ഞത് മുഴുവൻ നുണയായിരുന്നു. അതേസമയം സംവിധായകൻ വിളിച്ചപ്പോൾ‍ അവൻ ഇടപ്പള്ളിയിലുണ്ട്. ‘ജോബി ചേട്ടനെ പോയി സമാധാനിപ്പിക്കാം’ എന്നായിരുന്നു ഇവരോട് പറഞ്ഞത്.

ഇത്രയും അറിഞ്ഞ ശേഷമാണ് ഞാൻ ആ വോയ്‌സ് മെസേജ് ഷെയിന് അയച്ചത്. ‘എന്നെ നീ പറ്റിച്ചിട്ട് കിടന്നുറങ്ങാമെന്ന് വിചാരിക്കേണ്ട’. ഇത് ഞാൻ‍ പറഞ്ഞത് തന്നെയാണ്. അല്ലാതെ ചീത്ത വിളിക്കുകയോ കൊല്ലുമെന്നോ പറഞ്ഞിട്ടില്ല. നാല് കോടി രൂപ മുടക്കിയ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു. അവനെ കൂടുതൽ‍ വേദനിപ്പിക്കാൻ‍ ഞാൻ ആഗ്രഹിക്കുന്നില്ല. മുടി വെട്ടരുത് എന്ന് വ്യക്തമായി എഴുതി കൊടുത്തതാണ്. ഉറങ്ങികിടക്കുന്പോൾ‍ മുടി വെട്ടി എന്നു പറയുന്നത് വിശ്വസിക്കാൻ‍ കുറച്ച് പ്രയാസമാണ്. മാന്യമായി ഷെയിൻ‍ വന്ന് അഭിനയിച്ചാൽ‍ പത്ത് ദിവസം കൊണ്ട് ഈ സിനിമ തീരും. അതല്ലെങ്കിൽ‍ നിയമപരമായി പോകുകയേ നിർ‍വാഹമുള്ളൂ.

ഒക്ടോബർ‍ 16 ആയിരുന്നു റിലീസ് ഡേറ്റ്. അതെന്തായാലും മാറി. ഇപ്പോൾ‍ നവംബർ‍ പതിനാറാണ് തീരുമാനിച്ചിരിക്കുന്നത്. മാസം പതിനാറ് ലക്ഷം രൂപയാണ് ഇതുകൊണ്ടു മാത്രം കൂടുതലായി ചിലവു വരുന്നത്. എനിക്ക് സാന്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നെ ഇവിടെ ചതിച്ചിരിക്കുകയാണ്. തെറ്റ് ചെയ്തു എന്ന് അവന് ബോദ്ധ്യം വന്നപ്പോഴാണ് അങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തത്. എന്റെ മകൾ‍ ഇന്നലെ ഉറങ്ങിയിട്ടില്ല. അവന്റെ ചെറിയൊരു മാനസിക വിഭ്രാന്തിയിൽ‍ സംഭവിച്ചതാണ് ഇതൊക്കെ.

എറണാകുളത്ത് എനിക്കൊരു സ്ഥാപനുണ്ടെങ്കിൽ‍ പോലും ഞാൻ‍ വരാറില്ല. കോട്ടയത്ത് താമസിക്കാനാണ് ഇഷ്ടം. അങ്ങനെയുള്ള ഒരാളെ അവൻ പേടിക്കുന്നത് എന്തിനാണ്. ഈ സിനിമ ഷൂട്ട് ചെയ്തപ്പോൾ‍ പോലും രണ്ട് ദിവസം മാത്രമാണ് സെറ്റിൽ‍ വന്നത്. സിനിമ എനിക്ക് ബിസിനസ്സ് മാത്രമാണ്. അപഖ്യാതി പറഞ്ഞുണ്ടാക്കിയാൽ‍ എന്തു ചെയ്യും.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed