കോളേജ് പഠനത്തിന് തയ്യാറെടുത്ത് അഞ്ജലി അമീർ
കോഴിക്കോട്: പാതിവഴിയിൽ മുടങ്ങിയ പഠനം പുനരാരംഭിക്കാനൊരുങ്ങി മലയാളത്തിലെ ആദ്യ ട്രാൻസ് നായിക അഞ്ജലി അമീർ. പ്ലസ് ടുവിൽ മുടങ്ങിയ പഠനം ഈ വർഷം പുനരാരംഭിക്കാനാണ് അഞ്ജലി ഒരുങ്ങുന്നത്.
പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുന്പോൾ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ്ടു എഴുതിയെടുത്തു. ഇനിയും പഠിക്കണം ഒരിക്കൽ കൈമോശം വന്നതെല്ലാം തിരിച്ചുപിടിക്കണമെന്നും അഞ്ജലി പറയുന്നു. പ്രവേശന നടപടികൾക്കായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെത്തിയ അഞ്ജലിയെ നിറകയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. തുടർപഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളേജ് പ്രിൻസിപലിനോട് നേരിട്ട് അറിയിക്കുകയായിരുന്നു. പ്രവേശന നടപടികൾ പൂർത്തിയായാൽ ഈ വർഷം തന്നെ താരത്തിന് ക്ലാസിലിരിക്കാൻ സാധിക്കും.
പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഏത് കോളേജിലും പഠിക്കാമെന്നും കാലികറ്റ് സർവ്‍വകലാശാല വൈസ് ചാൻസിലർ അറിയിച്ചിട്ടുണ്ട്. മലയാളം ഐഛിക വിഷയമായി പഠിക്കാനാണ് തീരുമാനം. വിദ്യാർത്ഥി സംഘടനയും അഞ്ജലിക്ക് പൂർണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.

