കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം; 22 പേര്‍ക്ക് പരിക്കേറ്റു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്‌വാറില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് അഗാതമായ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സിര്‍ഗ്‌വാരിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
ബസ്സില്‍ അമിതമായി ആളുകളെ കയറ്റിയിരുന്നുവെന്ന് സൂചന. അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ വിഗദ്ധ ചികിത്സയ്ക്ക് ജിഎംസി ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സേവനം തേടിയതായി കിഷ്ത്‌വാര്‍ ഡെപ്യൂട്ടി കലക്ടര്‍ അഗ്രീസ് സിംഗ് റാണ പറഞ്ഞു.
അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. 
ജൂണ്‍ 27ന് പൂഞ്ചിലെ മുഗുല്‍ റോഡില്‍ അമിത വേഗതയില്‍ വന്ന ടെംപോ ട്രാവലര്‍ റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ ഒന്പതു പേര്‍ പെണ്‍കുട്ടികളാണ്. അതിനിടെ ഉത്തരാഖണ്ഡിലെ മലാരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു അപകടം. ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികളും ഡ്രൈവറും മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed