ഒടുവിൽ ലംബോർഗിനിയുമായി പൃഥ്വി അമ്മയ്ക്കരികിൽ!!!!

തിരുവനന്തപുരം: പൃഥ്വിരാജ് ലംബോർഗിനി കാർ സ്വന്തമാക്കിയതും കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരൻ പറഞ്ഞതും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ പൃഥ്വിരാജിന്റെ നാല് കോടി വിലയുള്ള ലംബോർഗിനി തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്ന് ഒരഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞതാണ്. ഇപ്പോൾ ആ ആഗ്രഹം മല്ലികയ്ക്ക് സഫലമായിരിക്കുകയാണ്. മകന്റെ ലംബോർഗിനി തിരുവനന്തപുരത്തെ വീട്ടുമുറ്റത്തെത്തി.
തിരുവനന്തപുരം കുണ്ടമൺഭാഗത്താണ് മല്ലിക താമസിക്കുന്നത്. പ്രധാന റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം കോളനിയിലേക്കെത്താൻ. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ഉള്ളൂ. ആറ് വർഷം മുന്‍പ് തിരുവനന്തപുരം കോർപ്പറേഷനിൽ വഴി നന്നാക്കിത്തരണം എന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ആ നിവേദനം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് പൃഥ്വി ലംബോർഗിനി വാങ്ങുന്നത്.ഒരഭിമുഖത്തിൽ കാർ വീട്ടിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞതാണ് ട്രോളായത്. ഇതോടെ അധികാരികൾ വിളിച്ച് പിന്തുണ അറിയിച്ചു. അങ്ങനെ വഴി വീതികൂട്ടി ടാർ ചെയ്തു. കഴിഞ്ഞ ദിവസം ലംബോർഗിനിയുമായി പൃഥ്വിയെത്തി. ഇന്ദ്രനും കുടുംബവുമെത്തി. ഒത്തുചേരലിന്റെ സന്തോഷമായിരുന്നു പിന്നീട് വീട്ടിൽ. ആരോഗ്യപരമായ ട്രോളുകളോട് എന്നും നന്ദിയുണ്ടെന്നും മല്ലിക പറഞ്ഞു.