‘83’യിൽ ഭാഗമാകാൻ ജീവയും ബോളിവുഡിലേക്ക്

മുംബൈ: ഇന്ത്യ ആദ്യമായി ലോകകപ്പിൽ മുത്തമിട്ട 1983യിലെ സുവർണ്ണ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം 83യുടെ ഭാഗമായി തമിഴ് താരം ജീവയും. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ പ്രശസ്ത ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ റോളിലാണ് ജീവയെത്തുക. ഇതിനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് റിപ്പോർട്ട്. ശ്രീകാന്തിന്റെ പഴയകാല വീഡിയോകൾ കണ്ട് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി കണ്ട് സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ് ജീവ.
താൻ ജീവയുടെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ കോ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും 83യുടെ നിർമ്മാതാവ് മധു മന്തേന പറഞ്ഞു. ശ്രീകാന്തിനെ അവതരിപ്പിക്കാൻ ജീവയെ പോലെ മറ്റൊരു താരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീർ സിംഗാണ്. ബൽവീന്ദർ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിർകും അഭിനയിക്കും. കബീർ ഖാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.