നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

കൊച്ചി: സംവിധായകൻ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ രാവിലെ ഡബ്ബിംഗിനായി എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽനിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തിൽ അദ്ദേഹത്തെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തതായാണ് വിവരം.
ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് ñ ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയിൽ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രൻ പൊയിൽക്കാവ് എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്.