മഹാഭാരതം: പുതിയ നിർമ്മാതാവിനെ തേടി ശ്രീകുമാർ മേനോൻ

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'മഹാഭാരത'ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾ നടക്കുന്നതായി സൂചന. അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാർത്തകളിൽ ഇടംനേടിയ ജോമോൻ പുത്തൻപുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവിൽ നിർമ്മിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചർച്ച പുരോഗമിക്കുകയാണെന്നും തന്റെ സുഹൃത്തായ ഡോ: എസ്. കെ നാരായണനാണ് പുതിയ നിർമ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാർ മേനോനും എസ്.കെ നാരായണനും ഒപ്പമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്റ്. ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന ബി.ആർ ഷെട്ടി പ്രോജക്ടിൽ നിന്ന് പിന്മാറിയെന്നും എം.ടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോൻ പറയുന്നു. തിരക്കഥ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുന്നപക്ഷം ആർബിട്രേറ്ററെ (മധ്യസ്ഥൻ) നിയോഗിക്കുകയാണ് നിയമപരമായ വഴി എന്നും ജോമോൻ പറഞ്ഞു.
അതേസമയം സംവിധായകൻ കരാർ ലംഘിച്ചുവെന്ന് കാട്ടി എം.ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസിൽ ആർബിട്രേറ്ററെ (മധ്യസ്ഥൻ) നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നുമാണ് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി അറിയിച്ചിരിക്കുന്നത്.