രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിലേക്ക്
ചെറിയൊരു ഇടവേളയ്ക്ക് ശേഷം രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിലെത്തുന്നതായി റിപ്പോർട്ട്. മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കുന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ നായികയാകുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും രമ്യ കൃഷ്ണനും ഒന്നിച്ചെത്തുന്നത്. ആര്യനാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. നേരം പുലരുന്പോൾ, അനുരാഗി, ഓർക്കാപ്പുറത്ത്, ആര്യൻ എന്നിവയാണ് ലാൽ രമ്യ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ളത്. ചിത്രത്തിൽ മറ്റ് രണ്ട് ശക്തമായ കഥാപാത്രങ്ങളായി ശരത് കുമാറും സിദ്ധിഖും എത്തുന്നുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്സിന് ശേഷം ശരത്കുമാർ ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ഏപ്രിൽ അവസാനത്തോടെ ഭദ്രൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

