വാഹന രജിസ്ട്രേഷനിൽ പുതിയ പരിഷ്കാരങ്ങൾ


ന്യൂഡൽ‍ഹി: വാഹന രജിസ്ട്രേഷനിൽ പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം. പുതിയ വാഹനങ്ങൾ‍ക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനമാണ് കേന്ദ്രം അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ സാധിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്നും വാഹനം മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി ഉപയോഗിക്കുന്പോൾ റീ രജിസ്ട്രേഷൻ ചെയ്യേണ്ടിവരുമായിരുന്നു. എന്നാൽ ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുന്പോൾ‍ റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

കേന്ദ്ര−സംസ്ഥാന സർ‍ക്കാർ‍ ജീവനക്കാർ‍, സൈനിക−സുരക്ഷ ഉദ്യോഗസ്ഥർ‍ നാലോ അതിൽ‍ കൂടുതലോ സംസ്ഥാനങ്ങളിൽ‍ ഓഫീസുകളുള്ള സ്വകാര്യ കന്പനികളിലെ ജീവനക്കാർ‍ തുടങ്ങിയവർ‍ക്ക് ബിഎച്ച് രജിസ്‌ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവിൽ‍ പറയുന്നത്. നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ‍ കൂടുതൽ‍ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളിൽ‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നിലവിലെ നിയമം.  ആദ്യം രജിസ്റ്റർ‍ ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എന്‍ഒസി, അവിടെ അടച്ച റോഡ് ടാക്‌സ് റീഫണ്ട് ചെയ്ത് റീ രജിസ്‌ട്രേഷന്‍ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഇത് വാഹന ഉടമയ്ക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധികൾക്കാണ് മാറ്റം വരുന്നത്. ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികൾ‍ ഓണ്‍ലൈനിൽ‍ തന്നെ ലഭ്യമാകും.

You might also like

Most Viewed