മൊബൈൽ ഫോണിന് വില കൂടും; സ്വർണ വില നിയന്ത്രിക്കും
ന്യൂഡൽഹി: ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈൽ ഫോണിന്റെ ഘടക ഉൽപ്പന്നങ്ങൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. ഇതോടെ വിദേശ ബ്രാൻഡുകളിലുള്ള മൊബൈൽ ഫോണിന്റെ വില കൂടുമെന്ന് ഉറപ്പായി കഴിഞ്ഞു. സമാനമായ നിലയിൽ സോളാർ ഇൻവെട്ടറിന്റെയും വിളക്കിന്റെയും വില വർദ്ധിക്കും. പരുത്തി, പട്ട്, പട്ടുനൂൽ, ലെതർ, മുത്ത്, ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റിൽ പറയുന്നു. കസ്റ്റംസ് തീരുവ വർധിപ്പിക്കാനുള്ള നിർദേശം പരുത്തി കർഷകർക്ക് ഗുണം ചെയ്യും.
ചെന്പ്, നൈലോൺ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ചു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. ഇത് സ്വർണാഭരണ മേഖലയ്ക്ക് ഗുണം ചെയ്യും.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വർണക്കടത്ത് ഒരു പരിധിവരെ തടയിടാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റിൽ തീരുമാനമുണ്ടായത്. സ്വർണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.
ഡീസൽ ലിറ്ററിന് നാലു രൂപയും പെട്രോൾ രണ്ടര രൂപയും കാർഷിക സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അഗ്രി ഇൻഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിർദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാൽ ഇത് ഇന്ധന വിലയിൽ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറു ശതമാനം അഗ്രി ഇൻഫ്രാ സെസ് ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ട്. അസംസ്‌കൃത പാമോയിൽ− 5 ശതമാനം, അസംസ്‌കൃത സൊയാബീൻ −20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏർപ്പെടുത്തും.
ചില വളങ്ങൾക്ക് അഞ്ചു ശതമാനവും കൽക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റിൽ പറയുന്നു. നാളെ മുതൽ ഇതു നിലവിൽ വരും. പ്ര തിസന്ധി കാലഘട്ടത്തിൽ ചെറുകിട ഭവന പദ്ധതികൾക്കും കേന്ദ്ര ബജറ്റിൽ കാര്യമായ പരിഗണന നൽകിയിട്ടുണ്ട്. ചെറുകിട ഭവന പദ്ധതികൾക്കുള്ള ഇളവ് 1.5 ലക്ഷംകൂടി അനുവദിച്ചു. ഇത്തരം പദ്ധതികൾക്ക് നികുതി ഒഴിവ് നൽകി. സ്റ്റാർട്ട് അപ് കന്പനികൾക്കുള്ള നികുതി ഒഴിവ് ഒരു വർഷം കൂടി നീട്ടി. ആദായ നികുതി നിരക്കിൽ മാറ്റമുണ്ടാവില്ല. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി. തർക്കങ്ങൾ പരിഹരിക്കാനുള്ള കാലയളവ് ആറിൽ നിന്ന് മൂന്നു വർഷമാക്കി കുറച്ചു.

