വണ്ടി വാങ്ങാൻ ആളില്ല: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബജാജ് മുതലാളിമാർ
കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജ്യത്തെ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ പ്രബലരായ ബജാജ് ഓട്ടോയുടെ മുതലാളിമാർ. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിലാണ് കന്പനി ചെയർമാൻ രാഹുൽ ബജാജും മകനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും തങ്ങളുടെ കനത്ത ആശങ്കകൾ ഓഹരി ഉടമകളുമായി പങ്കുവച്ചത്.
ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാന്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണെന്നും യോഗത്തിൽ ഇരുവരും ആരോപിച്ചു. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തിൽ ഏകദേശം ഒരു പോലെ തന്നെയാണെന്നും യോഗത്തിൽ ഇരുവരും വ്യക്തമാക്കി.
ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വിൽപ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതാണ് സർക്കാരിന്റെ ഇ−വാഹന നയമെന്നും യോഗത്തിൽ ഇരുവരും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ. വാഹന വ്യവസായ രംഗത്ത് ഡിമാൻഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തിൽ വളർച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81കാരനായ രാഹുല്‍ ബജാജ് ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

