ഇന്ത്യയിൽ 1.5 കോടി ആൻഡ്രോയിഡ് ഫോണുകൾ മാൽവെയർ ഭീഷണിയിലെന്ന് റിപ്പോർട്ട്‍
ന്യൂഡൽഹി: ഇന്ത്യയിലെ 1.5 കോടി ആൻഡ്രോയിഡ് ഉപകരണങ്ങൾ ëഏജന്‍റ് സ്മിത്ത്í എന്ന മാൽവെയറുകളുടെ പിടിയിലെന്ന് റിപ്പോർട്ട്. ലോകത്താകമാനം 2.5 കോടി ആൻഡ്രോയിഡ് ഡിവൈസുകളെയാണ് മാൽവെയർ ബാധിച്ചിട്ടുള്ളത്. സൈബർ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്‍റിന്റേതാണ് കണ്ടെത്തൽ.
ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ എന്ന വ്യാജേനയാണ് ഈ മാൽവെയറുകൾ മൊബൈൽ ഫോണുകളിൽ കടന്നുകൂടുന്നത്. ആൻഡ്രോയിഡിന്‍റെ സുരക്ഷാ പരിമിതികൾ മുതലെടുത്ത് ഉപയോക്താവറിയാതെ ഫോണിൽ കയറുകയും ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷന്‍റെ സ്ഥാനത്ത് ഇതേ ആപ്ലിക്കേഷന്‍റെ മലീഷ്യസ് വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നതുമാണ് ഈ മാൽവെയറുകളുടെ രീതി.
വ്യാജ പരസ്യങ്ങളിലൂടെ ലാഭം കൊയ്യാനാണ് ഏജന്‍റ് സ്മിത്ത് എന്ന മാൽവെയറിനെ ഉപയോഗിക്കുന്നത്. കോപ്പി കാറ്റ്, ഗൂളിഗാൻ, ഹമ്മിംഗ്ബാഡ് എന്നിങ്ങനെ മുൻ വർഷങ്ങളിൽ ഉപയോഗിക്കപ്പെട്ട മാൽവെയറുകൾക്ക് സമാനമാണ് ഏജന്‍റ് സ്മിത്തിന്‍റെയും പ്രവർത്തനം. ജനപ്രിയ തേഡ് പാർട്ടി ആപ്പ് സ്റ്റോറായ 9 ആപ്പ്സിൽ നിന്നാണ് ഏജന്‍റ് സ്മിത്ത് ഉണ്ടായതെന്ന് ചെക്ക് പോയിന്‍റിന്‍റെ കണ്ടെത്തലിൽ പറയുന്നു. ഹിന്ദി, ഇന്തോനേഷ്യൻ, റഷ്യൻ ഭാഷക്കാരെയാണ് ഏജന്‍റ് സ്മിത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഉപയോക്താക്കളാണ് മാൽവെയറിന് ഇരകളായത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും മാൽവെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് ഉപയോക്താക്കൾ വിശ്വാസയോഗ്യമായ ആപ്പ്സ്റ്റോറുകളിൽ മാത്രമെ ഉപയോഗിക്കാവൂ എന്നും തേഡ് പാർട്ടി ആപ്പ്സ്റ്റോറുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകില്ലെന്നും ചെക്ക് പോയിന്‍റ് റിസർച്ച് പറയുന്നു.

