ടൊയോട്ടയും മാരുതിയും വീണ്ടും കൈകോർക്കുന്നു
ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ഇന്ത്യൻ നിർമ്മാതാക്കളായ മാരുതിയും ചേർന്ന് ഒരു പുത്തൻ എംപിവി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സി സെഗ്മെന്‍റിലേക്ക് അവതരിപ്പിക്കുന്ന ഈ വാഹനം ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവയുടെ കുഞ്ഞൻ പതിപ്പായിരിക്കുമെന്നാണ് സൂചനകൾ.
എം.പി.വി സെഗ്മെന്‍റിലെ മുടിചൂടാ മന്നന്മാരാണ് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കിയുടെ എർടിഗയും. എന്നാൽ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച മരാസോ ഇരുമോഡലുകൾക്കും കനത്ത വെല്ലുവിളിയാണ് സൃഷ്‍ടിക്കുന്നത്. ഈ സാഹചര്യത്തിൽ മരാസോയെ ഒതുക്കാനാണ് മിനി ഇന്നോവയെ അവതരിപ്പിക്കാൻ മാരുതിയും ടൊയോട്ടയും ചേർന്ന് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മികച്ച ഇന്ധന ക്ഷമതയും ഫീച്ചറുകളും വാഹനത്തിനുണ്ടായിരിക്കും. വാഹനത്തിന്‍റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകളും വിപണിയിലെത്തിയേക്കും. 2022 ഓട്ടോ എക്സ്പോയിൽ വാഹനം അവതരിപ്പിക്കപ്പെട്ടേക്കമെന്നാണ് റിപ്പോർട്ടുകൾ. ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയിലെത്തിക്കുന്നത്. ഇരുവരും ചേർന്ന് ഗ്ലാൻസ എന്ന മോഡലിനെ വിപണിയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. മാരുതിയുടെ ജനപ്രിയ മോഡലായ ബലേനോയാണ് ഗ്ലാൻസയായി പരിണമിച്ചത്.

