ക്രിക്കറ്റ് മത്സരത്തിനിടെ കർണാടക താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് മത്സരത്തിനിടെ കർണാടക താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂർണമെന്‍റിൽ കർണാടക−തമിഴ്നാട് മത്സരം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് 34കാരനായ കെ. ഹോയ്സാല നെഞ്ചുവേദനയെത്തുടർന്ന് ബംഗളൂരുവിലെ ആർ.എസ്.ഐ ഗ്രൗണ്ടിൽ ബോധരഹിതനായി വീണത്. അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ചെങ്കിലും പ്രതികരണം ഇല്ലാതിരുന്നതിനാൽ ഉടൻ ആംബുലൻസിൽ അടുത്തുള്ള ബൗറിങ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മത്സരത്തിൽ കർണാടകയുടെ വിജയത്തിൽ ഹൊയ്സാല നിർണായക പങ്കുവഹിച്ചിരുന്നു. 13 പന്തിൽ 13 റണ്‍സെടുത്ത താരം തമിഴ്നാട് ഓപണറായ പ്രവീണ്‍ കുമാറിന്‍റെ വിക്കറ്റും വീഴ്ത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനായിരുന്നു കർണാടകയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കർണാടക 172 റണ്‍സടിച്ചപ്പോൾ തമിഴ്നാടിന്റെ മറുപടി 171 റണ്‍സിലൊതുങ്ങി. മധ്യനിര ബാറ്ററും ഫാസ്റ്റ് ബൗളറുമായ ഹോയ്സാല അണ്ടർ 25 വിഭാഗത്തിൽ കർണാടക സംസ്ഥാന ടീമിനായി കളിച്ചിട്ടുണ്ട്. കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിനായും ശിവമൊഗ്ഗ ലയണ്‍സിനായും ഇറങ്ങിയിട്ടുണ്ട്.
jkgkjg